കണ്ണൂര്‍: കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിക്കിടെ തൊണ്ടയിടറി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ. സന്തത സഹചാരി ആയിരുന്ന കാപ്പാടൻ രമേശൻ്റെ കുടുംബത്തിന് വീട് കൈമാറുന്ന ചടങ്ങിനിടെ ആയിരുന്നു സംഭവം. മാർക്സിസ്റ്റുകാരുടെ ആക്രമണത്തിൽ നിന്ന് തൻ്റെ ജീവൻ സംരക്ഷിച്ചത് രമേശനന്ന് വിതുമ്പലോടെ സുധാകരൻ ഓര്‍ത്തെടുത്തു.
കാപ്പാടൻ രമേശനെക്കുറിച്ച് സുധാകരന്‍ ഫേസ്ബുക്കിലും ഓര്‍മക്കുറിപ്പ് പങ്കുവെച്ചിരുന്നു.കണ്ണൂരിന്റെ നാട്ടുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ പ്രിയപ്പെട്ടവനെ ഓർക്കാറുണ്ടെന്ന് സുധാകരന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'കരിമേഘം നിറഞ്ഞ പഴയ കാലം.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സെന്ന എന്റെ പ്രസ്ഥാനം രാഷ്ട്രീയ എതിരാളികളാൽ വേട്ടയാടപ്പെട്ട കാലം.തിരിച്ചുവരുമെന്ന വിശ്വാസം പോലുമില്ലാതെ അമ്മ വീട്ടിൽ നിന്ന് യാത്രയാക്കുമ്പോൾ കാപ്പാടൻ രമേശനെ പോലെയുള്ള നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ മാത്രമായിരുന്നു എന്റെ ആത്മബലം. കാപ്പാടൻ രമേശൻ ഇന്ന് എന്റെ കൂടെയില്ലെങ്കിലും, എനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഓര്‍മ്മയായി കത്തിജ്വലിച്ചു നില്‍ക്കുന്നു. ഒരു മനുഷ്യൻ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങൾക്ക് വേണ്ടി സമർപ്പിച്ചാൽ, ആ മനുഷ്യൻ ഒരിക്കലും മരിക്കുകയില്ല. ജീവിതയാത്രയിൽ ചിലർ ഒപ്പം നടക്കും.ചിലർ ഒരു ഘട്ടത്തിൽ പിരിഞ്ഞുപോകും.പക്ഷേ ചിലർ ഉണ്ടാകും നമ്മുടെ നിഴലായി മാറി, നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുന്നവർ. ഞാൻ മുന്നിൽ നടന്നപ്പോൾ പിന്നിൽ നിന്നു കരുത്തായി എന്നും രമേശന്‍ കൂടെ ഉണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ സ്നേഹവും വിശ്വാസവും എൻ്റെ ഏറ്റവും വലിയ ശക്തിയായിരുന്നു' കെ.സുധാകരന്‍ പറയുന്നു.
കെ.സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
ജീവിതയാത്രയിൽ ചിലർ ഒപ്പം നടക്കും.ചിലർ ഒരു ഘട്ടത്തിൽ പിരിഞ്ഞുപോകും.
പക്ഷേ ചിലർ ഉണ്ടാകും
നമ്മുടെ നിഴലായി മാറി, നമ്മുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പമുണ്ടാകുന്നവർ.
വർഷങ്ങളോളം എന്റെ കൂടെ നിഴലായി നിന്ന ഒരാൾ,എന്റെ സന്തോഷങ്ങളിലും പോരാട്ടങ്ങളിലും, വിജയങ്ങളിലും പ്രതിസന്ധികളിലും ഒരുപോലെ കൂടെയുണ്ടായിരുന്ന ഒരു വിശ്വസ്ത സഹയാത്രികൻ, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ ശ്രീ. കാപ്പാടൻ രമേശൻ.......
ഞാൻ മുന്നിൽ നടന്നപ്പോൾ പിന്നിൽ നിന്നു കരുത്തായി എന്നും രമേശന്‍ കൂടെ ഉണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ സ്നേഹവും വിശ്വാസവും എൻ്റെ ഏറ്റവും വലിയ ശക്തിയായിരുന്നു.
ആരും പ്രതീക്ഷിക്കാത്ത വിധത്തിൽ ഒരു ദിവസം അദ്ദേഹം നമ്മെ വിട്ട് പോയി. ആ വാർത്ത കേട്ട നിമിഷം ഇന്നും എന്റെ മനസ്സിൽ വേദനയായി നിൽക്കുന്നു. ജീവിതം മുഴുവൻ എനിക്കായി, ഇന്ത്യൻ നാഷണൽ കോൺഗ്രസിനായി ജീവിച്ച ഒരാൾ, എനിക്കും പാര്‍ട്ടിക്കും വേണ്ടി തന്റെ സമയം, പരിശ്രമം, സ്നേഹം എല്ലാം നൽകിയ ശ്രീ. കാപ്പാടൻ രമേശൻ 2020 നവംബർ ഒന്നിന്റെ പകലിൽ മറു വാക്ക് പറയാൻ പോലും കാത്ത് നിൽക്കാതെ നമ്മെ വിട്ടുപോയത് എന്റെ ഹൃദയത്തിൽ ഒരിക്കലും മായാത്തൊരു ശൂന്യതയായി ഇന്നും നിൽക്കുന്നു.അദ്ദേഹത്തിന്റെ വിയോഗത്തിൽ
ഞാൻ എന്നോട് തന്നെയൊരു വാക്ക് നൽകി. അദ്ദേഹത്തിന്റെ കുടുംബം ഇനി ഒറ്റപ്പെട്ടവരല്ല. അവർ എന്റെ സ്വന്തം കുടുംബം തന്നെയാണ്. ഇന്ന് അവർക്ക് വേണ്ടി ഒരു വീട് ഉയര്‍ന്നു വന്നിരിക്കുന്നു. അത് ഒരു കെട്ടിടം മാത്രമല്ല മറിച്ച് ഒരു ഹൃദയ സ്മാരകമാണ്. എന്റെ ജീവിതത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും അദ്ദേഹം നിറച്ച സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ചെറിയൊരു തിരിച്ചടവ് മാത്രമാണ്.
കണ്ണൂരിന്റെ നാട്ടുവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ടവനെ ഓർക്കാറുണ്ട്. കരിമേഘം നിറഞ്ഞ പഴയ കാലം.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സെന്ന എന്റെ പ്രസ്ഥാനം രാഷ്ട്രീയ എതിരാളികളാൽ വേട്ടയാടപ്പെട്ട കാലം.തിരിച്ചുവരുമെന്ന വിശ്വാസം പോലുമില്ലാതെ അമ്മ വീട്ടിൽ നിന്ന് യാത്രയാക്കുമ്പോൾ ശ്രീ കാപ്പാടൻ രമേശനെ പോലെയുള്ള നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ മാത്രമായിരുന്നു എന്റെ ആത്മബലം.
ശ്രീ കാപ്പാടൻ രമേശൻ ഇന്ന് എന്റെ കൂടെയില്ലെങ്കിലും, എനിക്ക് ആത്മവിശ്വാസം നല്‍കുന്ന ഓര്‍മ്മയായി കത്തിജ്വലിച്ചു നില്‍ക്കുന്നു. ഒരു മനുഷ്യൻ തന്റെ ജീവിതം മറ്റൊരാളുടെ സ്വപ്നങ്ങൾക്ക് വേണ്ടി സമർപ്പിച്ചാൽ, ആ മനുഷ്യൻ ഒരിക്കലും മരിക്കുകയില്ല.
അദ്ദേഹം നമ്മുടെ ഹൃദയങ്ങളിൽ എപ്പോഴും ജീവിക്കും.
ആ മനുഷ്യസ്നേഹിയുടെ ദീപ്തസ്മരണകൾക്ക് മുമ്പിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ സ്നേഹവും സംരക്ഷണവും എന്നും ഉണ്ടാകും.അദ്ദേഹത്തിന്റെ കുടുംബത്തിന് വീടൊരുക്കുവാൻ എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ടവരെയും, എന്റെ പ്രസ്ഥാനത്തെയും ഞാൻ എന്നും നന്ദിയോടെ ഓർക്കും.

0 Comments