തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇനി ജനങ്ങളുടെ പണം ഉപയോഗിച്ചുള്ള മുഖ്യമന്ത്രിയുടെ പരസ്യം കാണേണ്ടതില്ല. സർക്കാരിന്റെ വെള്ളപൂശൽ ഇനി കാണേണ്ടി വരില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
'യുഡിഎഫിൽ സീറ്റ് നിർണയത്തിൽ തർക്കങ്ങൾ ഇല്ല.എല്ലാം സന്തോഷകരമായി അവസാനിക്കും.ഞങ്ങൾ അധികാരത്തിൽ എത്തും.കെ. സുധാകരനുമായുള്ള പ്രശ്നം നാളെ സംസാരിച്ചു പരിഹരിക്കും. ലീഗുമായുള്ള പ്രശ്നം ഉടനെ തീർക്കും'. തെരഞ്ഞെടുപ്പിനായി യുഡിഎഫ് സെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.
എംപിമാർ മത്സരിക്കണമോ വേണ്ടയോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. യുഡിഎഫിൽ പ്രശ്നങ്ങളില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ എന്നിട്ട് സ്ഥാനാർഥിയെ പ്രഖ്യാപിക്കാം. ലീഗുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
അതേസമയം, രണ്ടാംഘട്ട സ്ഥാനാർഥി പട്ടികക്കായുള്ള കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചൊവ്വാഴ്ച ചേരും. ഒറ്റ പേരുകളിലേക്ക് എത്തിയ മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടികയ്ക്ക് സമിതി അംഗീകാരം നൽകും. രണ്ടാംഘട്ട സ്ക്രീനിങ് കമ്മിറ്റിയിൽ 25ൽ അധികം സീറ്റുകളിൽ ധാരണയായെന്നാണ് വിവരം.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെ മത്സരിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ തർക്കം നിലനിൽക്കുന്ന മണ്ഡലങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കും. അതേസമയം. കെ.സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാൻഡ്. ഡൽഹിയിൽ എത്തുന്ന കെ.സുധാകരനുമായി ഹൈക്കമാൻഡ് ചർച്ച നടത്തുമെന്നാണ് വിവരം.

0 Comments