കൊച്ചിയിൽ നങ്കൂരമിട്ട ഇറാനിയൻ കപ്പലിലെ ജീവനക്കാർ മടങ്ങി

 


തിരുവനന്തപുരം : കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ഇറാനിയൻ കപ്പലായ ഐറിസ് ലാവനിലെ 183 ജീവനക്കാർ അർമേനിയയിലേക്ക് മടങ്ങി. ഇന്ത്യൻ നേവി കൊച്ചി യൂണിറ്റിന്റെ സഹായത്തോടെയാണ് തിരിച്ചു പോയത്. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിനെ തുടർന്ന് മാർച്ച് 4നാണ് കപ്പൽ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്.

ഇറാൻ സർക്കാർ സജ്ജമാക്കിയ ഫ്ലൈ എക്സ് എയ്റോ വിമാനത്തിലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രാത്രി ഏഴ് മണിയോടെ സംഘം പുറപ്പെട്ടത്.

ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്ലീറ്റ് റിവ്യൂവിലും മിലൻ നാവികാഭ്യാസ പ്രകടനത്തിലും പങ്കെടുക്കാനെത്തിയ ഇറാനിൽ നിന്നുള്ള കപ്പലുകളിൽ ഒന്നാണ് ഐറിസ് ലാവൻ. മാർച്ച് നാലിന് ശ്രീലങ്കൻ തീരത്തുണ്ടായ അമേരിക്കയുടെ ആക്രമണത്തെ തുടർന്ന് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ കൊച്ചിയിൽ നങ്കൂരമിടുകയായിരുന്നു. സൈനികർക്കു പുറമെ ഇറാൻ പൗരന്മാരും കപ്പലിൽ ഉണ്ടായിരുന്നു.

ഐറിസ് ലാവൻ കപ്പലിനെ കൂടാതെ ഐറിസ് ബുഷേർ, ഐറിസ് ദേന എന്നിവയും കൊച്ചിയിൽ നങ്കൂരമിടാൻ അനുമതി തേടിയിരുന്നു. ഐറിസ് ബുഷേർ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടെങ്കിലും ഐറിസ് ദേനയെ ശ്രീലങ്കയ്ക്ക് സമീപം യുഎസ് അന്തർവാഹിനി ടോർപിഡോ ആക്രമിച്ചു. ഐറിസ് ലാവൻ കൊച്ചിയിൽ നങ്കൂരമിട്ട ദിവസമാണ് ഐറിസ് ദേനയെ യുഎസ് ആക്രമിച്ചത്. നാവികരും മറ്റു യാത്രക്കാരും തിരിച്ചു പോയെങ്കിലും കപ്പൽ ഉടനെ തിരിച്ചു പോവില്ലെന്നാണ് റിപ്പോർട്ട്.



Post a Comment

0 Comments