ജി. സുധാകരനെ നേരിടാന്‍ സിപിഎം; അമ്പലപ്പുഴയില്‍ ഇന്ന് റാലി

 

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും എന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന നേതാവ് ജി. സുധാകരനെ നേരിടാന്‍ സിപിഎം. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് റാലി നടക്കും. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വീടിനു സമീപത്ത് നിന്ന് വൈകുന്നേരം അഞ്ചുമണിക്ക് റാലി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ജില്ലാ നേതാക്കള്‍ പങ്കെടുക്കും. അതേസമയം, ജി. സുധാകരന് പിന്തുണയുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീബ രാജേഷ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, ജി. സുധാകരന് മറുപടി പറയുന്നില്ലെന്ന് എച്ച്. സലാം എംഎല്‍എ പ്രതികരിച്ചു. ദീര്‍ഘനാള്‍ നേതാവായി നിന്ന ആളായതിനാല്‍ പറഞ്ഞ ഓരോ കാര്യത്തിനും മറുപടി നല്‍കുന്നില്ല. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചപ്പോള്‍ താന്‍ നല്ല കമ്യൂണിസ്റ്റാണ് എന്നായിരുന്നു സുധാകരന്റെ അഭിപ്രായം. തന്റെ കൈയില്‍ സുധാകരനെതിരെ പല തെളിവുകളും ഉണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ പുറത്തുവിടുമെന്നും എച്ച്. സലാം എംഎല്‍എ പ്രതികരിച്ചു.

ഇന്നലെ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം സുധാകരന്‍ നടത്തിയിരുന്നു. ചുവന്ന കൊടി പിടിച്ചാല്‍ കമ്മ്യൂണിസ്റ്റ് ആകില്ലെന്നും ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞത് മറ്റ് നേതാക്കള്‍ ലംഘിച്ചെന്നും അദ്ദേഹം ആരോപിച്ചു. വര്‍ഗ വഞ്ചകനെന്ന് വരെ ചിലര്‍ തന്നെ വിളിച്ചു. ജില്ലാ സെക്രട്ടറി ആര്‍.നാസറും എച്ച്.സലാം എംഎല്‍എയുമാണ് തനിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. താന്‍ ആരെക്കൊണ്ടും ആരെയും ചീത്ത വിളിപ്പിച്ചിട്ടില്ല. രാഷ്ട്രീയവും പ്രത്യശാസ്ത്രപരമായ കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ എന്നെ നേരിടും എന്നാണ് പറയുന്നത്. പാര്‍ട്ടിയില്‍ നിന്നുകൊണ്ടുള്ള പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനെതിരെയാണ് താന്‍ മത്സരിക്കുന്നതെന്നും ജി.സുധാകരന്‍ പറഞ്ഞു.

അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ജി. സുധാകരനെ കുറിച്ച് ഇനിയെന്തിന് ആലോചിക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പ്രതികരിച്ചത്. സുധാകരന്‍ പത്രസമ്മേളനം നടത്തി പറയാനുള്ളത് ലോകത്തോട് മുഴുവന്‍ പറഞ്ഞു. അദ്ദേഹത്തെ എന്തിന് അനുനയിപ്പിക്കണം. പുതുക്കാത്തത് കൊണ്ടു തന്നെ സുധാകരന് പാര്‍ട്ടി മെമ്പര്‍ഷിപ്പില്ല. ജനാധിപത്യപരമായി എങ്ങനെയും തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് അമ്പലപ്പുഴ. ഇടതുപക്ഷ മുന്നണി തന്നെ അവിടെ ജയിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Post a Comment

0 Comments