ശബരിമല യുവതീപ്രവേശനത്തിലെ സര്‍ക്കാറിന്റെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍



കോട്ടയം: ശബരിമല യുവതീപ്രവേശനത്തിലെ സര്‍ക്കാറിന്റെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്‍. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ആചാരപരമായ കാര്യത്തില്‍ പാണ്ഡിത്യമുള്ളവരായിരിക്കണം എന്ന് 2007ല്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. അതേ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നതെന്ന് വാസവന്‍ പറഞ്ഞു.

എല്ലാ കാലത്തും വിശ്വാസികളുടെ താല്‍പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ മുന്നോട്ടു പോകും. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അഭിപ്രായമല്ല ഭരണഘടനപരമായ പ്രശ്‌നങ്ങളാണ് സര്‍ക്കാരിനോട് കോടതി ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടും സര്‍ക്കാര്‍ നിലപാടും ഒന്നാണ്. ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്. ബിജെപിയുടെ യുവ അഭിഭാഷകരാണ് യുവതീപ്രവേശനത്തിനായി കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചത്. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ബിജെപി മലക്കംമറിഞ്ഞു. ഞങ്ങള്‍ ഇക്കാര്യത്തില്‍ സുപ്രിം കോടതി വിധി മാനിക്കുന്നു എന്നാണ് പറഞ്ഞത്. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന് എതിരായി സര്‍ക്കാരിന് നില്‍ക്കാന്‍ കഴിയില്ല. അതേസമയം, ഇത് തീരുമാനിക്കേണ്ടത് ആചാര കാര്യത്തില്‍ പ്രാവീണ്യമുള്ളവരും സാമൂഹിക പരിഷ്‌കര്‍ത്താക്കളുമാണെന്ന് ഞങ്ങളുടെ സത്യവാങ്മൂലത്തില്‍ അന്നേ പറഞ്ഞിട്ടുണ്ട് -വാസവന്‍ പറഞ്ഞു.

Post a Comment

0 Comments