തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; ഡെപ്യൂട്ടി സി.ഇ.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ പുറത്താക്കി

രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിച്ചു. ഡെപ്യൂട്ടി സി.ഇ.ഒ, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തു. ഇവരെ മാതൃ വകുപ്പുകളിലേക്ക് തിരിച്ചയക്കാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ ഉത്തരവിട്ടത്.

അഡീഷണൽ സി.ഇ.ഒ പി.ബി. നൂഹ് ഐ.എ.എസ് നടത്തിയ 48 മണിക്കൂർ നേരത്തെ ദ്രുതഗതിയിലുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നേരത്തെ, ഇമെയിൽ അയച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തിരുന്നു. 2019-ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ച് ഈ മാസം 22-ന് അയച്ച ഇമെയിലിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീൽ പ്രത്യക്ഷപ്പെട്ടത്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് ഈ കത്ത് ലഭിച്ചിരുന്നു. ഇതൊരു സാങ്കേതിക പിഴവാണെന്നും കത്തിലെ സീൽ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നുമാണ് കമ്മീഷന്റെ പ്രാഥമിക വിശദീകരണം. പിശക് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തിരുത്തിയതായും കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് വെളിപ്പെടുന്നതെന്ന് ആരോപിച്ച് സി.പി.ഐ.എമ്മും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments