പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാം; കേരള ഭൂപതിവ് ചട്ടങ്ങള്‍ക്ക് അനുമതി

 



തിരുവനന്തപുരം: 2026-ലെ കേരള ഭൂപതിവ് ചട്ടങ്ങള്‍ക്ക് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അനുമതി നല്‍കി. പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതിയാണ് സർക്കാർ നൽകിയത്. കൃഷിക്കും ഗൃഹ നിർമ്മാണത്തിനും മറ്റുമായി പതിച്ചു നൽകിയ പട്ടയഭൂമി, ജീവനോപാധി ലക്ഷ്യമാക്കി മറ്റു തരത്തിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകുന്ന ചട്ടങ്ങൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ചട്ടപ്രകാരം വീടുകള്‍, കാര്‍ഷിക, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നിര്‍മ്മിക്കുന്ന കെടിടങ്ങള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍, പൊതു ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മിതികള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, ക്ലബുകള്‍, ചാരിറ്റബിള്‍ ആവശ്യങ്ങള്‍ക്കുള്ള നിര്‍മിതികള്‍ എന്നിവക്കായി ഭൂമി പരിവർത്തനം നടത്തുന്നതിന് ഫീസ് ഒഴിവാക്കും.

കൂടാതെ ജീവനോപാധി ലക്ഷ്യമാക്കിയുള്ള 5000 സ്ക്വയര്‍ഫീറ്റിന് താഴെ വിസ്തീര്‍ണമുള്ള കൊമേഷ്യല്‍/ഇന്‍ഡസ്ട്രിയല്‍ കെടിടങ്ങള്‍ നിർമ്മിക്കുന്നതിനാവശ്യമായ ഭൂമിയുടെ പരിവർത്തനത്തിലും ഫീസ് ഉണ്ടായിരിക്കുന്നതല്ല. 5000-10,000 സ്ക്വയര്‍ഫീറ്റിനിടയിലുള്ള കെടിടങ്ങള്‍ക്കായുള്ള ഭൂമിക്ക് ന്യായവിലയുടെ ഒരു ശതമാനമാണ് ഈടാക്കുക. 10,000 സ്ക്വയര്‍ഫീറ്റിന് മുകളിലുള്ള നിർമ്മാണത്തിനായുള്ള ഭൂമിയുടെ പരിവർത്തനത്തിന് ന്യായവിലയുടെ രണ്ട് ശതമാനം ഈടാക്കും. മറ്റു തരത്തിലുള്ള വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയ്ക്ക് ന്യായവിലയുടെ അഞ്ച് ശതമാനവും ഈടാക്കും.

ഭൂപതിവ് ഭേദഗതി ചട്ടങ്ങൾ അംഗീകരിക്കുന്നതോടെ മലയോരജനത ആറു പതിറ്റാണ്ടിലേറെക്കാലമായി അനുഭവിക്കുന്ന ഭൂമി ഉപയോഗം സംബന്ധിച്ച വിവേചനത്തിന് ശാശ്വത പരിഹാരമാവുകയാണെന്ന് സർക്കാർ വ്യക്തമാക്കി. പതിച്ചു കിട്ടിയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങളാകെ നിയമവിരുദ്ധമാണെന്ന്‌ കണക്കാക്കപ്പെടുന്ന നിലയുണ്ടായിരുന്നു. മലയോര മേഖലയിലെ ജനജീവിതത്തെയാകെ രൂക്ഷമായി ബാധിക്കുന്ന ഈ സാഹചര്യമാണ് ഭൂപതിവ് ചട്ട ഭേദഗതി എന്ന ആശയത്തിലേക്ക് സർക്കാരിനെ നയിച്ചതെന്നും സർക്കാർ വ്യക്തമാക്കി

Post a Comment

0 Comments