ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദ്ദേശിച്ച് നീതി ആയോഗ്. കേവലം ബിരുദ സർട്ടിഫിക്കറ്റുകൾക്ക് പകരം തൊഴിൽ നൈപുണ്യത്തിന് പ്രാധാന്യം നൽകുന്ന 'ഫലധിഷ്ഠിത' വിദ്യാഭ്യാസ രീതിയിലേക്ക് മാറണമെന്ന് നീതി ആയോഗ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
നീതി ആയോഗ് അംഗം അരവിന്ദ് വിർമാനി തയ്യാറാക്കിയ 'വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും' എന്ന റിപ്പോർട്ടിലാണ് ഈ ശുപാർശകൾ ഉള്ളത്. ഉന്നത വിദ്യാഭ്യാസം നേടിയവരിലും തൊഴിൽ ലഭിക്കാൻ ആവശ്യമായ പ്രായോഗിക ജ്ഞാനം ഇല്ലാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു.
ബിരുദവും യഥാർത്ഥ തൊഴിൽ നൈപുണ്യവും തമ്മിൽ വലിയ അന്തരം നിലനിൽക്കുന്നു. വിയറ്റ്നാം (8.7%), ഇന്തോനേഷ്യ (8.4%) തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ കമ്പനികളിൽ വെറും 7.7% മാത്രമാണ് ജീവനക്കാർക്ക് കൃത്യമായ തൊഴിൽ പരിശീലനം നൽകുന്നത്. രാജ്യത്തെ തൊഴിൽ-നൈപുണ്യ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു 'നാഷണൽ ജോബ് സ്കില്ലിംഗ് പോളിസി' നടപ്പിലാക്കണം.
തൊഴിൽ വിപണിയിലെ മാറ്റങ്ങൾ പഠിക്കാനായി എല്ലാ വർഷവും പ്രത്യേക 'സ്കിൽ ആൻഡ് എംപ്ലോയ്മെന്റ് സർവേ' നടത്തണം. സ്കൂൾ തലം മുതൽ തന്നെ തൊഴിൽ പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ഐടിഐകൾ, പോളിടെക്നിക്കുകൾ എന്നിവ നവീകരിക്കാൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കണം.
ഓസ്ട്രേലിയ, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് അധ്യാപകർക്ക് ആധുനിക പരിശീലനം നൽകണമെന്നും നീതി ആയോഗ് സിഇഒ ബി വി ആർ സുബ്രഹ്മണ്യം അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള സാങ്കേതിക വിദ്യകൾ തൊഴിൽ മേഖലയെ മാറ്റിമറിക്കുമ്പോൾ, അതിനനുസരിച്ചുള്ള പുനർപരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

0 Comments