കൃഷി, പരിസ്ഥിതി സൗഹൃദ ബജറ്റുമായി തരിയോട് ഗ്രാമപഞ്ചായത്ത്

  



കാവുംമന്ദം: പാരമ്പര്യ കൃഷി രീതികളെ സംരക്ഷിച്ചും നൂതന കൃഷികളെ പ്രോത്സാഹിപ്പിച്ചും പരിസ്ഥിതി സംരക്ഷണത്തിനും ടൂറിസം വികസനത്തിനും പ്രാധാന്യം നൽകി ജൈവവൈവിധ്യ പാർക്ക്, കാർബൺ ന്യൂട്രൽ പഞ്ചായത്ത്, ഭവനരഹിതരില്ലാത്ത തരിയോട് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക ബഡ്ജറ്റ് യോഗത്തിൽ 25.05 കോടി രൂപ വരവും 23.04 കോടി രൂപ ചിലവും 2.02 കോടി രൂപ നീക്കി ബാക്കിയുള്ള 2026-27 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അവതരിപ്പിച്ചു. മുഴുവൻ ലൈഫ് ഗുണഭോക്താക്കൾക്കും വീട് നൽകി ഭവനരഹിതരില്ലാത്ത ഗ്രാമം പദ്ധതി, പാലുൽപ്പാദനം ഗണ്യമായി വർധിപ്പിക്കുന്ന ക്ഷീര ഗ്രാമം പദ്ധതി, വനിതകളുടെ സന്തോഷ സൂചിക ഉയർത്തുന്നതിനും മനസംഘർഷം കുറക്കുന്നതിനുമായി ഹാപ്പിനസ് പാർക്ക്, അഭ്യസ്ത വിദ്യർക്ക് തൊഴിൽ സാധ്യത ഉറപ്പ് വരുത്തി മിനി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, വിദ്യാർത്ഥികളുടെ ശേഷി വർദ്ധിപ്പിക്കാൻ ടാലൻ്റ് ഹണ്ട് പരിപാടി, ഫുട്ബോൾ അക്കാദമി, ഹാൻഡ് ബോൾ പരിശീലനം, യുവാക്കൾക്ക് കായിക വികസനം ലക്ഷ്യം വെച്ചു അത്യാധുനിക നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയം, സ്പോർട്സ് കിറ്റ്, വീട്ടമ്മമാർക്ക് പിഎസ്‌സി കോച്ചിങ്, വനിതകളുടെ ഫിറ്റ്നസ് സെൻ്റർ വിപുലീകരണം, വയോജന ക്ലബ്, ജനകീയ പങ്കാളിത്ത പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, ഉന്നതികളിൽ ആരോഗ്യ സേവനങ്ങൾ, ആധുനിക രീതിയിൽ ഓഫീസ് നവീകരണവും പേപ്പർ ലെസ് ഓഫീസും, ദുരന്ത നിവാരണത്തിന് ആധുനിക ഉപകരണങ്ങളും പരിശീലനം ലഭിച്ച വളണ്ടിയർ സേവനവും മുഴുവൻ വീടുകളിലും ശുദ്ധജല വിതരണവും, കാവുംമന്ദം ടൗൺ നവീകരണം ഉൾപ്പെടെ പൊതു ഇടങ്ങളുടെ നവീകരണവും സൗന്ദര്യവൽക്കരണവും വൈഫൈ സൗകര്യങ്ങളോടെ ഹൈടെക് അംഗൻവാടികൾ, ഗോത്ര മേഖലകളിൽ സമഗ്ര വികസന പദ്ധതികൾ, വിദേശ തൊഴിൽ ധനസഹായം, ശുചിത്വ പദ്ധതികൾ, കുറ്റകൃത്യങ്ങൾ തടയുന്നതിനും മാലിന്യ നിക്ഷേപം കണ്ടെത്തുന്നതിനുമായി ടൗണുകളിൽ സിസിടിവി സ്ഥാപിക്കൽ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നിരവധി വികസന പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾ ഈ ജനകീയ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷരായ പുഷ്പ മനോജ്, ഷാജി വട്ടത്തറ, ആമിന റുക്സാന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രൻ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി സി കെ റസാക്ക് നന്ദിയും പറഞ്ഞു.

Post a Comment

0 Comments