ആധാർ കാർഡിലെ തെറ്റുകൾ തിരുത്തൽ ഇനി എളുപ്പമല്ല; നിബന്ധനകൾ ഏർപ്പെടുത്തി കേന്ദ്രം, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

 

ന്യൂഡൽഹി: ആധാർ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും മറ്റ് അപ്ഡേഷൻ വരുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുന്നവരാണ് നമ്മൾ. പേര്, ജനനത്തീയതി, വിലാസം തുടങ്ങിയവയിലൊക്കെ ഇത്തരത്തിൽ മാറ്റങ്ങൾ ആവശ്യമായി വരാറുണ്ട്.

എന്നാൽ, ആധാർ കാർഡിൽ പേര് മാറ്റുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. പുതിയ നിയമപ്രകാരം ജീവിതത്തിൽ രണ്ട് തവണ മാത്രമേ ഇനി പേര് മാറ്റാൻ സാധിക്കുകയുള്ളു. കൂടാതെ ജനനത്തീയതി ഒരു തവണ മാത്രമേ തിരുത്താനാകൂവെന്ന് UIDAI അറിയിച്ചു. വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന് നിയന്ത്രണങ്ങളേതുമില്ല.

തെറ്റായ വിവരങ്ങൾ ആവർത്തിച്ച് മാറ്റുന്നതും തട്ടിപ്പുകളും തടയാൻ ഇത് സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ നടക്കുന്നത് കണക്കിലെടുത്താണ് പുതിയ നിയന്ത്രങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ആധാർ സേവനങ്ങൾ വേ​ഗത്തിലും എളുപ്പത്തിലും അറിയുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനുമായി പുതിയ ആധാർ മൊബൈൽ ആപ്പ് കേന്ദ്ര സർക്കാർ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്.

ആധാർ കാർഡിലെ വിവരങ്ങൾ മാറ്റുമ്പോൾ ചില പ്രധാന രേഖകൾ നിർബന്ധമായും നൽകണം. ജനനത്തീയതി തിരുത്തുന്നതിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിലാസം മാറ്റുന്നതിനായി വോട്ടർ ഐഡി, വൈദ്യുതി ബിൽ, ഗ്യാസ് ബിൽ തുടങ്ങിയ രേഖകൾ ഉപയോഗിക്കാം. പാസ്‌പോർട്ട് പോലുള്ള തിരിച്ചറിയൽ രേഖകളും ഇതിന് സഹായിക്കും. പേര്, മൊബൈൽ നമ്പർ, വിലാസം തുടങ്ങിയവ മൊബൈലിലൂടെ പുതുക്കാനാകും.

Post a Comment

0 Comments