പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യയിലെ കുപ്പിവെള്ള വിപണിയും പ്രതിസന്ധിയിലേക്ക്

 

പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നത് ഇന്ത്യയിലെ എൽപിജി വിതരണത്തെ മാത്രമല്ല, കുപ്പിവെള്ള വ്യവസായത്തെയും പ്രതിസന്ധിയിലാക്കുന്നു. ഇന്ത്യയിൽ കുടിവെള്ളത്തിന് ക്ഷാമമില്ലെങ്കിലും, വെള്ളം നിറയ്ക്കാനുപയോഗിക്കുന്ന കുപ്പികളുടെയും അനുബന്ധ സാമഗ്രികളുടെയും നിർമ്മാണ ചെലവ് കുത്തനെ ഉയർന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.

ഏകദേശം 46,150 കോടി രൂപയുടെ വിറ്റുവരവുള്ള ഇന്ത്യയിലെ കുപ്പിവെള്ള വിപണിയിൽ, കുപ്പികൾ നിർമ്മിക്കാനുപയോഗിക്കുന്ന പോളിമറിന്റെ വിലയിൽ 12 ശതമാനത്തോളം വർധനവാണ് ഉണ്ടായത്. പോളിത്തീൻ കുപ്പികൾ, അവയുടെ അടപ്പുകൾ, ലേബലുകൾ, പാക്കിങ് മെറ്റീരിയലുകൾ എന്നിവയുടെ നിർമ്മാണ ചെലവ് ഇതോടെ വർധിച്ചു. പോളിമർ വില കിലോഗ്രാമിന് 18 രൂപയിൽ നിന്ന് 32 രൂപയായി ഉയർന്നത് ചെറുകിട-വൻകിട കുപ്പിവെള്ള കമ്പനികളെ ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

നിലവിൽ ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 20 രൂപയാണ് വിപണി വിലയെങ്കിലും, നിർമ്മാണ ചെലവ് വർധിച്ച സാഹചര്യത്തിൽ വില ഉയർത്താൻ കമ്പനികൾ നിർബന്ധിതരായേക്കും. വേനൽക്കാലം ആരംഭിക്കുന്നതോടെ കുപ്പിവെള്ളത്തിന് രാജ്യത്ത് ആവശ്യക്കാർ ഏറുന്ന സാഹചര്യത്തിൽ ഈ വിലക്കയറ്റം സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്ന ആശങ്കയുണ്ട്. നിലവിൽ ഒരു ചെറിയ കുപ്പി നിർമ്മിക്കാനുള്ള ശരാശരി ചെലവ് 1.45 രൂപയായാണ് ഉയർന്നിരിക്കുന്നത്.

Post a Comment

0 Comments