കണ്ണൂർ മണ്ഡലത്തിന്റെ ഭാവി വികസന ദിശ നിർണയിക്കാൻ വികസന സെമിനാർ

 



കണ്ണൂർ മണ്ഡലത്തിന്റെ ഭാവി വികസന ദിശ നിർണയിക്കാൻ മണ്ഡലം വികസന സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി ഇ. പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കണ്ണൂർ മണ്ഡലത്തിൽ വലിയ രീതിയിലുള്ള വികസന മാറ്റങ്ങളാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ ഹൈവേ, ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതായും ദേശീയപാത നിർമാണം പൂർത്തിയാകുന്നതോടെ മണ്ഡലത്തിൽ വ്യാപാര കേന്ദ്രങ്ങൾ കൂടുതൽ വളർച്ച നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനുള്ള ആശയങ്ങളും പൊതുജനങ്ങളുടെ നിർദേശങ്ങളും സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ചർച്ചയിൽ ഭാവി കണ്ണൂർ മണ്ഡലത്തിനെ മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള ക്രീയാത്മക നിർദേശങ്ങളാണ് ഉയർന്നത്.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വ്യാവസായിക മേഖലകളിലെ പ്രതിനിധികൾ ചർച്ചയിൽ പങ്കാളികളായി.

പത്ത് വർഷങ്ങളായി സർക്കാർ മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ വീഡിയോ ദൃശ്യങ്ങളോടൊപ്പം മന്ത്രി അവതരിപ്പിച്ചു. മണ്ഡലം വികസന സമിതി കൺവീനവർ എൻ ചന്ദ്രൻ വികസന രേഖ അവതരിപ്പിച്ചു.

കണ്ണൂരിലെ ടൂറിസം കേന്ദ്രങ്ങൾ ലക്ഷ്യമാക്കിവരുന്ന വിനോദ സഞ്ചാരികൾക്ക് യാത്രാ സൗകര്യവും താമസ സൗകര്യങ്ങളും ഒരുക്കുന്നതിന് ഒരു സർക്കാർ ഏജൻസി വേണമെന്നും തോട്ടട റെയിൽവേ ഗേറ്റിൽ ഫ്‌ളൈ ഓവർ കൊണ്ടുവരണമെന്നും തോട്ടട സ്വദേശി ചന്ദ്രശേഖരൻ പറഞ്ഞു.

വാരം ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരംകാണുന്നതിന് പദ്ധതി ആവിഷ്‌കരിക്കണമെന്നും വാരം മീൻ മാർക്കറ്റിൽ എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യം ഒരുക്കണമെന്നും വാരം സ്വദേശി സെയ്ദ് അഭിപ്രായപ്പെട്ടു.

സ്വന്തമായി പാർപ്പിടം ഇല്ലാത്തവരെ സംരക്ഷിക്കാൻ ഫ്‌ലാറ്റുകൾ നിർമ്മിക്കണം, ചേലോറ പ്രാഥമിക ആരോഗ്യ കേന്ദ്രം കൂടുതൽ മെച്ചപ്പെടുത്തണം, കാനാമ്പുഴയിലെത്തുന്ന ആളുകൾക്ക് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ വേണം തുടങ്ങിയവ ചർച്ചയിൽ ഉയർന്നു.


യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ, കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ അഡ്വ. അജയകുമാർ, വി കെ പ്രകാശിനി, രാഷ്ട്രീയ കക്ഷി നേതാക്കളായ യു. ബാബുഗോപിനാഥ്, കെ നാരായണൻകുട്ടി, വെള്ളോറ രാജൻ, രാഗേഷ് മന്നമ്പേത്ത്, ഇ പി ആർ വേശാല തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments