മാറുന്ന ലോകത്തിനനുസരിച്ചുള്ള ആധുനിക സൗകര്യങ്ങളാണ് സർക്കാർ പൊതുവിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പനമ്പറ്റ ന്യൂ യുപി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റോബോട്ടിക് ലാബുകൾ, നിർമ്മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ക്ലാസ് മുറികൾ എന്നിങ്ങനെ നൂതനമായ എല്ലാ സൗകര്യങ്ങളും പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾക്ക് പ്രാപ്യമാക്കി വരികയാണ്. അധ്യാപകർക്ക് കാലാനുസൃതമായ പരിശീലനവും നൽകി. അങ്ങനെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലുമുള്ള സ്‌കൂളുകളിലെ കുട്ടികൾ ലോകത്തിലെ ഏറ്റവും ഉയർന്ന അക്കാദമിക് നിലവാരമുള്ള കുട്ടികളോട് കിടപിടിക്കാൻ ശേഷിയുള്ളവരായി മാറി. പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ഈ ഉയർച്ച തുടർന്നത് 2021 ൽ സർക്കാറിന് ജനങ്ങൾ തുടർഭരണത്തിന് അവസരം നൽകിയതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷം കൊണ്ട് 5,000 കോടി രൂപയാണ് പൊതു വിദ്യാഭ്യാസത്തിന്റെ പുരോഗതിക്ക് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. സ്‌കൂളുകൾക്ക് നല്ല കെട്ടിടങ്ങൾ, ആധുനിക സംവിധാനങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് റൂമുകൾ തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുക മാത്രമല്ല പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കാനും സർക്കാരിന് കഴിഞ്ഞു. എന്നാൽ 2016ന് മുൻപ് ഇതായിരുന്നില്ല സ്ഥിതി. പൊതുവിദ്യാലയങ്ങളിൽ അഞ്ച് ലക്ഷം കുട്ടികൾ കുറവായിരുന്നു. ആയിരം സ്‌കൂളുകൾ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. പാഠപുസ്തകങ്ങൾ സമയത്ത് കുട്ടികൾക്ക് ലഭിച്ചിരുന്നില്ല. ഈ സ്ഥിതിയിൽ നിന്ന് രാജ്യത്ത് നീതി ആയോഗ് പുരസ്‌കാരം ലഭിക്കുന്ന നിലയിലേക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ഉയർത്തിയത് സർക്കാർ വിദ്യാഭ്യാസ മേഖലക്ക് നൽകുന്ന കരുതലിന്റെ ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്പ്യൂട്ടർ ലാബ്, സോഷ്യൽ ഇൻക്ലൂഷൻ ലാബ് എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ അധ്യക്ഷയായി. സ്‌കൂൾ ഹെഡ്മാസ്റ്റർ ടി.പി. രഞ്ജിത്ത് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ റോബോട്ടിക്സ് ലാബ് സജ്ജീകരിച്ച് നൽകിയ യുണീക് വേൾഡ് റോബോട്ടിക്‌സ് പ്രതിനിധി അനു കാർത്തിക്, സംനിത സോഷ്യൽ ഇൻക്യുബേഷൻ ലാബ് സജ്ജീകരിച്ച പുനർജ്ജീവ ടെക്‌നോളജി സൊലൂഷൻസ് സ്റ്റാർട്ടപ്പ് സ്ഥാപകരായ രശ്മി രവീന്ദ്രനാഥൻ, സ്മിത റോസ് മേരി ജോർജ്, കെ.എം.ടി നിർമ്മാണ കമ്പനി പ്രതിനിധി പി. ഷമീർ, ആർക്കിടെക്റ്റ് ഫാമി അബ്ദുള്ള എന്നിവരെ ആദരിച്ചു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ, മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു, ജില്ലാപഞ്ചായത്ത് അംഗം നവ്യ സുരേഷ്, വാർഡ് അംഗം കെ.വിജിത്ത്, സ്‌കൂൾ മാനേജർ വി.കെ. സനോജ്, പി ടി എ പ്രസിഡന്റ് എം.ഹാഷിം, സ്‌കൂൾ ലീഡർ, റഹ്ഷ മെഹക്, ചമ്പാടൻ ജനാർദനൻ, എം സുകുമാരൻ, പാറ വിജയൻ, മുന്താണി പുരുഷോത്തമൻ, കെ.പി.രാജേഷ്, ഹുസൈൻ ഉസ്താദ്, എ. പുഷ്പരാജൻ എന്നിവർ സംസാരിച്ചു

0 Comments