ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മര്‍ദം കടുപ്പിച്ച് യുഡിഎഫ് എംപിമാര്‍. എം.കെ രാഘവന്‍ എംപി കേരള ഹൗസില്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നു. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്ഥാനാര്‍ഥിത്വം വെട്ടരുതെന്ന് എംപിമാര്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാര്‍ട്ടി താല്‍പര്യം പരിഗണിച്ചാണ് ലോക്‌സഭയിലേക്ക് മത്സരിച്ചതെന്നാണ് എംപിമാരുടെ വാദം. അഞ്ച് എംപിമാരാണ് താല്‍പര്യം അറിയിച്ചിരിക്കുന്നത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവരുമായാണ് ഏതാനും എംപിമാര്‍ കേരള ഹൗസില്‍ ചര്‍ച്ച നടത്തുന്നത്. എം.കെ രാഘവന്‍ എംപി ഒരുമണിക്കൂര്‍ മുന്‍പായി കേരളഹൗസില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസവും എം.കെ രാഘവന്‍ എംപി കേരള ഹൗസിലെത്തിയിരുന്നു. ആവശ്യം ആവര്‍ത്തിക്കാനാണ് വീണ്ടുമെത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം.
വ്യക്തിപരമായി തങ്ങള്‍ക്കെല്ലാം നിയമസഭയിലേക്ക് മത്സരിക്കാനായിരുന്നു താല്‍പ്പര്യമെന്നും പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് ലോക്‌സഭയിലേക്ക് മത്സരിക്കാനിറങ്ങിയതെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വങ്ങള്‍ക്കിടയില്‍ സമ്മര്‍ദം ചെലുത്തുകയാണ് എംപിമാര്‍. എംപിമാരെ മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും ആരും സ്വയം സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തേണ്ടതില്ലെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന നേതൃത്വം. ഒരാൾക്ക് ഇളവ് നൽകുകയാണെങ്കിൽ കൂടുതൽ പേർ ഇളവുതേടി മുന്നോട്ടുവരുമെന്നും നേതൃത്വം വിലയിരുത്തി. നിലവില്‍ ചില എംപിമാര്‍ ഹൈക്കമാന്‍ഡ് നേതാക്കളുമായി ബന്ധപ്പെട്ടുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
സ്ഥാനാര്‍ഥി പട്ടികക്ക് രൂപം നല്‍കാന്‍ ഇന്ന് വൈകുന്നേരമാണ് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചേരുന്നത്. സിറ്റിങ് എംഎല്‍എമാരുടെ ഉള്‍പ്പെടെ 60 പേരുടെ ആദ്യഘട്ട പട്ടികക്ക് ഇന്ന് അംഗീകാരമായേക്കും. പാലക്കാട്, തൃപ്പൂണിത്തുറ എന്നീ സിറ്റിങ് മണ്ഡലങ്ങള്‍ ഒഴികെ 20 എംഎല്‍എമാരുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ട്.

0 Comments