ചാവക്കാട് അക്യുപങ്ചര്‍ ചികിത്സക്കിടെ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

 


തൃശൂര്‍: വീട്ടില്‍ പ്രസവത്തിന് പിന്നാലെ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി.

മുഹ്‌സിനയുടെ മരണ കാരണം പ്രസവശേഷം പരിചരണമില്ലായ്മയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മരിച്ച നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പൊലീസ് സര്‍ജന്‍ ശിപാര്‍ശ ചെയ്തിരുന്നു.

പ്രസവത്തെ തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മുഹ്‌സിനയുടെ മരണം. ഇവരുടെ ഭര്‍ത്താവ് ഇബ്രാഹിം അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ്. യുവതിയുടെ ഏഴാം പ്രസവത്തിന് പിന്നാലെയാണ് നാലാം ദിവസം നവജാത ശിശു മരിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള വ്രണം പുഴുവരിച്ച നിലയിലായിട്ടും ഭര്‍ത്താവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. വീട്ടിലെത്തിയ ബന്ധുക്കളാണ് മുഹ്‌സിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Post a Comment

0 Comments