ന്യൂഡല്‍ഹി : കേസുകളില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത് നീതിയുക്തമായ വിചാരണയ്ക്ക് ഭീഷണിയെന്ന് സുപ്രീം കോടതി. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്ന ഇത്തരം ദൃശ്യങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളുടെ വീഡിയോ പങ്കുവെക്കുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന് നേരത്തെ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയിലും ഇതിന് സമാനമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതികളുടെ കൈകള്‍ ബന്ധിച്ച് നടത്തിക്കുക, മുട്ടുകുത്തി നിര്‍ത്തുക, തുടങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത് ഒരാളുടെ അന്തസിനെ അപമാനിക്കുന്നതാണ്. ഇത്തരം പ്രവൃത്തികള്‍ ജനങ്ങളില്‍ പക്ഷാപാതപരമായ സമീപനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജിയില്‍ ആവശ്യപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാകാന്‍ കാത്തിരിക്കൂവെന്ന് ഹര്‍ജിക്കാരനായ ഹേമേന്ദ്ര പട്ടേലിനോട് കോടതി പറഞ്ഞു. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ കയ്യിലുള്ള എല്ലാവരും മീഡിയ ആയി മാറിയിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയം ഗൗരവകരമായി പരിഗണിക്കേണ്ടതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

0 Comments