കൊട്ടിയൂർ: ഈ വർഷത്തെ വൈശാഖോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ സംയുക്ത അവലോകന യോഗം ചേർന്നു. മുൻപ് ചേർന്ന യോഗത്തിന് ശേഷമുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കാനാണ് പഞ്ചായത്ത് പ്രസിഡൻ്റ് വീണ്ടും യോഗം വിളിച്ചു ചേർത്തത്. ദേവസ്വം കണക്ക് പ്രകാരം കഴിഞ്ഞ വർഷം 50 ലക്ഷം തീർത്ഥാടകരാണ് കൊട്ടിയൂരിൽ എത്തിയത്.
ഈ വർഷം 70 ലക്ഷം പേരെങ്കിലും എത്തുമെന്നാണ് കണക്കുകൂട്ടൽ.
തീർത്ഥാടകരെ വലക്കുന്ന ഗതാഗത കുരുക്കാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത് പരിഹരിക്കുന്നതിന് 12 ഏക്കറോളം സ്ഥലം പാർക്കിംഗിനായി പുതുതായി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം ഏഴ് ഏക്കർ കണ്ടെത്തിയിട്ടുണ്ടെങ്കിലും റോഡിൻ്റെ വീതി കൂട്ടണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. നിലവിലെ റോഡിൻ്റെ ടാറിംഗിനോട് ചേർന്ന ഭാഗങ്ങൾ രണ്ടു മീറ്ററെങ്കിലും കോൺക്രീറ്റ് ചെയ്‌ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം പഞ്ചായത്ത് അധികൃതർ യോഗത്തിൽ ആവശ്യപ്പെട്ടു . ഉത്സവകാലത്ത് കൂടുതൽ- ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തുന്നതിന് നടപടികൾ സ്വീകരിക്കും.
കെ.എസ്.ആർ.ടി.സി കഴിഞ്ഞ വർഷം 140 സർവീസുകൾ നടത്തിയത് ഈ വർഷം 220 ആയി ഉയർത്തും. കൂടുതൽ കുടിവെള്ള സൗകര്യം, ശുചി മുറികൾ, ഗുണനിലവാരമുള്ള ഭക്ഷണ സാധനങ്ങളുടെ വില്‌പന എന്നിവ ഉറപ്പാക്കും. തിരഞ്ഞെടുപ്പിന് ശേഷം കളക്ടർ കൂടി പങ്കെടുക്കുന്ന യോഗം നടക്കുന്നതോടെ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡൻറ് സിസിലി കണ്ണന്താനം അധ്യക്ഷയായി. വൈസ്.പ്രസിഡൻറ് റോയ് നമ്പുടാകം, ഡി.എം.ഒ ഡോ.കെ.സി.സച്ചിൻ, പേരാവൂർ ഡി.വൈ.എസ്.പി പി.ചന്ദ്രമോഹൻ, കേളകം എസ്.എച്ച്.ഒ ഇതിഹാസ് താഹ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.പി.സുനിൽകുമാർ, പഞ്ചായത്ത് അംഗങ്ങൾ, കൊട്ടിയൂർ ദേവസ്വം പ്രതിനിധികൾ, കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംസാരിച്ചു.റവന്യു, അഗ്നിരക്ഷ സേന, എക്സൈസ്, ഫുഡ് ആൻഡ് സേഫ്റ്റി, കെ.എസ്.ആർ.ടി.സി തുടങ്ങി വിവിധ വകുപ്പുകളുടെ സംയുക്ത യോഗമാണ് നടന്നത്.

0 Comments