കോഴിക്കോട്: മലബാറിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് മംഗലാപുരം വഴിയുള്ള കണ്ണൂർ– കെഎസ്ആർ ബെംഗളൂരു സിറ്റി എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടുന്നു. കണ്ണൂരിനും ബെംഗളൂരുവിനുമിടയിലെ നിലവിലെ സമയക്രമത്തിൽ മാറ്റമില്ലെന്നും കോച്ചുകളുടെ ക്രമീകരണവും അതേപടി തുടരുമെന്നും അധികൃതർ അറിയിച്ചു.ബെംഗളൂരു – കോഴിക്കോട് സർവീസ് മാർച്ച് 15 മുതൽ നിലവിൽ വരും. തിരിച്ചുള്ള കോഴിക്കോട് – ബെംഗളൂരു സർവീസ് മാർച്ച് 16 മുതലാണ് ആരംഭിക്കുക. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. കണ്ണൂരിനും കോഴിക്കോടിനും ഇടയിൽ പകൽ സമയത്ത് രണ്ട് ട്രെയിൻ സർവീസുകളുടെ ഗുണവും ഇതിലൂടെ ലഭിക്കും.
ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന 16511 നമ്പർ ട്രെയിൻ രാവിലെ 10.55ന് കണ്ണൂരിലെത്തും. തുടർന്ന് 11 മണിക്ക് കോഴിക്കോട്ടേക്കു യാത്ര തുടരും. തലശ്ശേരി (11.20), വടകര (11.41), കൊയിലാണ്ടി (11.58) സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കുള്ള 16512 നമ്പർ ട്രെയിൻ വൈകിട്ട് 3.30ന് പുറപ്പെടും. തുടർന്ന് കൊയിലാണ്ടി (3.52), വടകര (4.12), തലശ്ശേരി (4.34) എന്നിവിടങ്ങളിൽ നിർത്തി വൈകിട്ട് 5 മണിക്ക് കണ്ണൂരിലെത്തും.
ട്രെയിൻ കോഴിക്കോട്ടേക്കു നീട്ടണമെന്ന് യാത്രക്കാരുടെ സംഘടനകൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. രാവിലെ 11 മണിയോടെ കണ്ണൂരിലെത്തുന്ന ട്രെയിൻ വൈകിട്ട് 5 വരെ അവിടെ തന്നെ നിർത്തിയിടുന്നതിനുപകരം കോഴിക്കോട്ടേക്കു നീട്ടിയാൽ യാത്രക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ തീരുമാനം കോഴിക്കോട് – കണ്ണൂർ റൂട്ടിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും ട്രെയിനിലെ ബുക്കിങ് വർധിപ്പിക്കാനും സഹായകരമാകുമെന്നാണ് പ്രതീക്ഷ.

0 Comments