പശ്ചിമേഷ്യൻ യുദ്ധം അഞ്ചാം ദിവസവും തുടരുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സജീവമായി ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ എംബസികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എല്ലാവരും സ്വയം സംരക്ഷണം ഒരുക്കുകയാണ് വേണ്ടത്. സുരക്ഷിതമായി ഇരിക്കുവാൻ പരമാവധി ശ്രമിക്കുക, ഏത് ഭാഗത്തുനിന്നാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം മേഖല ശാന്തമാകുന്നു എന്ന പ്രതീക്ഷകൾക്കിടയിലാണ് ദുബായിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായത്. അമേരിക്കൻ നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണമെങ്കിലും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രോൺ തകർക്കാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നലത്തെ ആക്രമണങ്ങളിൽ എവിടെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫുജൈറ റിഫൈനറിയിലെ തീപിടുത്തത്തിൽ ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഗൾഫ് ഭരണാധികാരികൾ വ്യക്തമാക്കി.

0 Comments