കെ പി ഉണ്ണിക്കൃഷ്‌ണന് വിടനൽകി കേരളം; ഔദ്യോ​ഗിക ബഹുമതികളോടെ സംസ്കാരം നടന്നു



കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോ​ഗിക ബഹുമതികളോടെ വിട. രാവിലെ ഒമ്പതിന് കോഴിക്കോട് മനാരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു അന്ത്യം.

വടകരയിൽ നിന്ന് തുടർച്ചയായി ആറ് തവണ ലോക്‌സഭയിലെത്തിയ ഉണ്ണിക്കൃഷ്‌ണൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1971-ലാണ് വടകരയിൽനിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1977, 1980, 1984, 1989, 1991 വർഷങ്ങളിലും വടകരയുടെ എംപിയായി. 1991–ൽ കുപ്രസിദ്ധമായ കോ–ലീ–ബി സഖ്യത്തെ തോൽപ്പിച്ചാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായി ലോക്‌സഭയിലെത്തിയത്‌.

1989-–90 കാലത്ത്‌ വി പി സിങ്‌ മന്ത്രിസഭയിൽ ഉപരിതല ഗതാഗതം, വാർത്താവിനിമയം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. കുവൈത്ത്‌ യുദ്ധകാലത്ത്‌ മലയാളികളെ നാട്ടിലെത്തിക്കുന്ന നയതന്ത്ര ഇടപെടലിന്‌ നേതൃത്വം നൽകി. ബൊഫോഴ്‌സ്‌ കുംഭകോണമടക്കം രാജ്യത്തെ ഞെട്ടിച്ച അഴിമതികൾ പാർലമെന്റിൽ ഉന്നയിച്ച ഉണ്ണിക്കൃഷ്‌ണൻ രാജ്യമാകെ ശ്രദ്ധിച്ച പാർലമെന്റേറിയനായിരുന്നു.

വി കെ കൃഷ്ണമേനോന്റെ ഉറ്റ അനുയായി ആയിരുന്ന ഉണ്ണിക്കൃഷ്ണൻ ആദ്യകാലത്ത് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി. പിന്നീട് രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസ് വിട്ടു. കോൺഗ്രസ് (യു), കോൺഗ്രസ് (എസ്) എന്നീ പാർടികളുടെ നേതൃനിരയിലും സജീവമായി. 1995-ൽ കോൺഗ്രസിലേക്ക് മടങ്ങി. കുറച്ചുവർഷമായി പന്നിയങ്കരയിലെ ‘പത്മാലയത്തിൽ’ വിശ്രമജീവിതം നയിക്കുകയായിരുന്നു.


Post a Comment

0 Comments