ഹോം വോട്ടിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കമായി

85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കമായി. മാനന്തവാടി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ ആര്‍ ഒ മാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ച് വരെ ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. ആദ്യദിവസം 800ലേറെ പേര്‍ ഹോം വോട്ട് ചെയ്തു.

ബി.എല്‍.ഒ, പ്രിസൈഡിങ് ഓഫിസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സെര്‍വര്‍, പോലീസ്, വീഡിയോഗ്രാഫര്‍ ഉള്‍പ്പെടുന്ന സംഘമാണ് വീടുകളില്‍ എത്തുന്നത്. 80 സ്‌ക്വാഡുകളാണ് ജില്ലയില്‍ ഹോം വോട്ടിംഗ് നടപടികള്‍ക്കായി പ്രവര്‍ത്തിക്കുക. ഹോം വോട്ടിംഗിനാവശ്യമായ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ റൗണ്ട് കോണ്‍ഫറന്‍സ് ഹാള്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസ്, മാനന്തവാടി താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ബന്ധപ്പെട്ട സംഘങ്ങള്‍ക്ക് കൈമാറി.

വോട്ടറുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കിയാണ് ഹോം വോട്ട് നടത്തുന്നത്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് സുരക്ഷിതമായി സീല്‍ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Post a Comment

0 Comments