*ഐ & പി.ആര്‍.ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വയനാട്*
*വാര്‍ത്താകുറിപ്പ്-1*
*30.03.2026*
*....................................*



*വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ആരംഭിച്ചു*

സ്വീപിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വോട്ട് ആന്‍ഡ് റൈസ് ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുക, വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, യുവാക്കളെയും കായികതാരങ്ങളെയും ജനാധിപത്യ പ്രചാരണങ്ങളില്‍ സജീവമായി ഉള്‍പ്പെടുത്തുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ജനാധിപത്യത്തിനായി ഉയരങ്ങളിലേക്ക് കയറൂ എന്നതാണ് ക്യാമ്പയിന്റെ ആപ്ത വാക്യം.

ക്യാമ്പയിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്ന സന്ദര്‍ശകരിലേക്ക് ജനാധിപത്യത്തിന്റെ സന്ദേശം എത്തിക്കാന്‍ ദേശീയ -സംസ്ഥാന തലത്തില്‍ മികവ് തെളിയിച്ച കായിക താരങ്ങളെ ഉള്‍പ്പെടുത്തി ദീപശിഖ റാലിയും സംഘടിപ്പിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് പൂക്കോട്, കാര്‍ളാട്, പഴശ്ശി പാര്‍ക്ക്, എടക്കല്‍ തുടങ്ങിയ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നു പോയി ചീങ്ങേരിയില്‍ അവസാനിച്ചു. 20 നും 74 നും ഇടയില്‍ പ്രായമുള്ള കായിക താരങ്ങളാണ് ദീപ ശിഖ റാലിയില്‍ പങ്കാളികളായത്.

*സെല്‍ഫി പോയിന്റുകള്‍ ഒരുക്കി ഡി.ടി.പി.സി*

വിനോദസഞ്ചാരികളെ വോട്ടിംഗിന്റെ ഭാഗമാകാന്‍ പ്രേരിപ്പിക്കുന്നതിന് ഡി.ടി.പി.സിക്ക് കീഴിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളിലും പ്രത്യേക സെല്‍ഫി പോയിന്റുകള്‍ സജ്ജീകരിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള വിപുലമായ പ്രൊമോഷന്‍ പരിപാടികളും ഇതിനോടനുബന്ധിച്ച് നടക്കും.
വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ വോട്ട് ചെയ്തതിന്റെ തെളിവായി മഷി പുരട്ടിയ വിരല്‍ കാണിക്കുന്ന വോട്ടര്‍മാര്‍ക്ക് ചീങ്ങേരി മലയിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ഡി.ടി.പി.സി മാനേജര്‍ ലൂക്കൊ ഫ്രാന്‍സിസ്, പ്രൊജക്റ്റ് മാനേജര്‍മാരായ പി.പി പ്രവീണ്‍, ബിജു ജോസഫ്, സുമ ദേവി, കെ.എന്‍ ഷിജു, രതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

*വോട്ടര്‍മാര്‍ക്കായി ജനാധിപത്യ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു*

വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിന് വയനാട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീപ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ബാണാസുര സാഗറില്‍ അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എന്റെ വോട്ട് എന്റെ ശബ്ദം, എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്തം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി 
ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ തീമാറ്റിക് നൃത്തം ശ്രദ്ധേയമായി. വോട്ടിങ് ബോധവത്ക്കരണവും ചൂടുകാല ആരോഗ്യ മുന്‍കരുതലുകളും പനമരം സ്‌കൂള്‍ ഓഫ് നഴ്സിങിലെ വിദ്യാര്‍ത്ഥികള്‍ നൃത്തിലൂടെ അവതരിപ്പിച്ചു. 

വോട്ട് പ്രചാരണത്തിന്റെ ഭാഗമായി ബാണാസുര സാഗര്‍ അണക്കെട്ടില്‍ വോട്ട് വേവ് എന്ന പേരില്‍ കയാക്കിംഗ് പരിപാടി നടത്തി.
ഡെപ്യൂട്ടി കളക്ടര്‍ എം.കെ ഇന്ദു, ബാണാസുര ഹൈഡല്‍ ടൂറിസം സെന്റര്‍ സൂപര്‍വൈസര്‍ രൂപേഷ്, കല്‍പ്പറ്റ എല്‍.എ.സി കോ ഓര്‍ഡിനേറ്റര്‍ ദിലീപ് കുമാര്‍, ഇലക്ടറല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍ ഹാരിസ് നെന്മേനി, ജില്ലാ ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. സുഷമ, എന്‍പിഎന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ദീപ, പനമരം സ്‌കൂള്‍ ഓഫ് നഴ്സിങ് പ്രിന്‍സിപ്പല്‍ എം.ജി സിന്ധു, സ്വീപ് അംഗങ്ങള്‍ 
എന്നിവര്‍ പങ്കെടുത്തു.

സ്വീപിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി കല്‍പറ്റയില്‍ സ്വീപ് ക്യാമ്പയിന്‍ നടന്നു. ഓരോ വ്യക്തിയുടെയും വോട്ട് ജനാധിപത്യത്തില്‍ നിര്‍ണായകമാണെന്നും ഉത്തരവാദിത്തത്തോടെ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യവും അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന വിവരിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ടി. രേഖ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. പ്രിയാ സേനന്‍, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

*വോട്ട് ചിലപ്പന്‍ ഗോദാവരി ഉന്നതിയിലെത്തി*

വോട്ടര്‍ അവബോധം ശക്തിപ്പെടുത്തുന്നതിന് സ്വീപ് പദ്ധതിയുടെ ഭാഗമായി വോട്ട് ചിലപ്പന്‍ മാനന്തവാടിയിലെ ഗോദാവരി ഉന്നതിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി എല്‍ ആര്‍ തഹസില്‍ദാര്‍ പ്രിയ പരിപാടി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എം മജീദ് അധ്യക്ഷമായി. ഉന്നതി നിവാസികള്‍ക്കായി ക്ലാസെടുക്കുകയും വോട്ട് പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തവിഞ്ഞാല്‍ ടിഇഒ ഷിജി, ഊര്മൂപ്പന്‍ സി.പി രാജന്‍, സോഷ്യല്‍ വര്‍ക്കര്‍ രാഹുല്‍, സ്വീപ് അംഗങ്ങള്‍ പങ്കെടുത്തു.
*131 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു*

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ തിങ്കളാഴ്ച 131 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സ്ഥാപിച്ച 103 പോസ്റ്ററുകള്‍, ഒന്‍പത് ബാനറുകള്‍, 12 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച അഞ്ച് പോസ്റ്ററുകള്‍, രണ്ട് ബാനറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

*സി-വിജില്‍: 289 പരാതികള്‍ ലഭിച്ചു*

സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ തിങ്കളാഴ്ച 289 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 2348 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി- വിജില്‍ ആപ്ല് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.

Post a Comment

0 Comments