ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് 10 വയസുകാരനുൾപ്പെടെ 14 പേർ മരിച്ചു

 



ധാക്ക: ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് 14 മരണം. മരിച്ചവരിൽ 10 വയസുകാരനും ഉൾപ്പെടുന്നു. ഇടിമിന്നലേറ്റവരിൽ ഭൂരിഭാഗം പേരും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന കര്‍ഷകരും തുറന്ന പ്രദേശങ്ങളിൽ കുടുങ്ങിയ മറ്റ് തൊഴിലാളികളുമാണെന്ന് അധികൃതർ പറഞ്ഞു.

തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വീശിയടിച്ച കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും ഇടയിലാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത് .നിരവധി പേർക്ക് പരിക്കേറ്റു, അവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേരൊടൊപ്പം വീടിന് പുറത്തു നിൽക്കുമ്പോഴാണ് പത്ത് വയസുകാരന് മിന്നലേറ്റത്. ഇടിമിന്നലേറ്റ് മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഒരു പശുവും ഇടിമിന്നലേറ്റ് ചത്തു. മരിച്ചവരിൽ ഒരാൾ തേയില നുള്ളിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാളുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് ദിവസമെ ആയിട്ടുള്ളൂ.

2016ൽ ബംഗ്ലാദേശിൽ ഇടിമിന്നലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. എല്ലാ വര്‍ഷവും നൂറുകണക്കിനാളുകളാണ് മിന്നലേറ്റ് മരിക്കുന്നത്. കഴിഞ്ഞ മേയിൽ 200ലധികം ആളുകൾക്ക് ജീവൻ നഷ്ടമായിരുന്നു. ഒരു ദിവസം തന്നെ 82 പേർ മരിച്ച ദാരുണ സംഭവവും ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും വർധിക്കുന്നതോടെയുണ്ടാകുന്ന അസ്ഥിരമായ കാലാവസ്ഥയാണ് ഇത്രയധികം മരണങ്ങൾക്ക് കാരണമാകുന്നത്.

കാടുകളും ഉയരമുള്ള മരങ്ങളും ഇല്ലാതാകുന്നത് മിന്നൽ മരണങ്ങൾ കൂടാൻ പ്രധാന കാരണമായെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻപ് ഉയരമുള്ള മരങ്ങൾ മിന്നലിനെ നേരിട്ട് ആഗിരണം ചെയ്തിരുന്നു. എന്നാൽ ഇവ ഇല്ലാതായതോടെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന മനുഷ്യരിലേക്ക് മിന്നൽ നേരിട്ട് പതിക്കുന്നു.

Post a Comment

0 Comments