കണ്ണൂർ തിരഞ്ഞെടുപ്പിന് സജ്ജം; ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 21,76,984




കണ്ണൂർ :ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി ജില്ല പൂർണ സജ്ജമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അരുൺ കെ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. സുതാര്യവും നീതിപൂർവവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. ജില്ലയിൽ 11,24,959 സ്ത്രീകളും 10,52,014 പുരുഷന്മാരും 11 ട്രാൻസ്ജൻഡറും ഉൾപ്പെടെ 21,76,084 വോട്ടർമാരാണുള്ളത്.

വോട്ടെടുപ്പിനായി 2,183 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചു. ഓരോ മണ്ഡലത്തിലും ഓരോ മാതൃക പോളിംഗ് സ്റ്റേഷനുകളും ആകെ 15 പിങ്ക് പോളിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.

വോട്ടെടുപ്പ് സമാധാനപരമായി നടക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രസേന ഉൾപ്പെടെ വിവിധ റാങ്കുകളിലുള്ള 6000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായും സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജും കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാലും അറിയിച്ചു. സിറ്റി പരിധിയിൽ കേന്ദ്രസേനയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പോലീസുമുൾപ്പെടെ 20 കമ്പനി സേനയിൽ 1500 പേരുണ്ട്. ഇതിന് പുറമെ 1300 സ്പെഷ്യൽ പോലീസുമുണ്ട്.

771 പ്രശ്നസാധ്യത ബൂത്തുകളിൽ പ്രത്യേക സുരക്ഷയും 493 മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചിട്ടുണ്ട്.

എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി വോട്ടർമാർ ബൂത്തിലേക്ക് പ്രവേശിക്കുന്നത് മുതൽ പുറത്തുവരുന്നതുവരെയുള്ള മുഴുവൻ നടപടികളും സി.സി.ടി.വി മുഖേന ജില്ലാതലത്തിലും മണ്ഡലതലത്തിലുമുള്ള കൺട്രോൾ റൂമുകളിൽ നിന്ന് നിരീക്ഷിക്കും.

പോളിംഗ് ഡ്യൂട്ടിക്കായി 10,488 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇവരെ ബൂത്തുകളിൽ എത്തിക്കാൻ സർക്കാർ വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹനങ്ങളും വിന്യസിക്കും.


Post a Comment

0 Comments