പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിൽ പലയിടത്തും ബാലറ്റെത്തിയില്ല; പതിനായിരത്തിലധികം ജീവനക്കാർക്ക് വോട്ട് നഷ്ടമാകുമെന്ന് ആശങ്ക

 



തിരുവനന്തപുരം/ കോഴിക്കോട്: തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പോസ്റ്റല്‍വോട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി. പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിൽ ബാലറ്റ് പേപ്പര്‍ ലഭ്യമല്ലാത്തതിനാല്‍ വോട്ട് രേഖപ്പെടുത്താനാവില്ലെന്നാണ് സർവീസ് സംഘടനകൾ പരാതിപ്പെടുന്നത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാനസെക്രട്ടറിയും പ്രതിപക്ഷ നേതാവിന്‍റെ ഓഫീസും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, പൊലീസ്, മാധ്യമപ്രവർത്തകർ എന്നിങ്ങനെ വിവിധ വിഭാഗത്തിലുള്ളക്കുള്ളസർവീസ് വോട്ട് കഴിഞ്ഞ 31 മുതലാണ് ആരംഭിച്ചത്. ഇതിനായി സംസ്ഥാനത്താകെ 154 കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിൽ പലയിടത്തും ബാലറ്റ് എത്തിയില്ലെന്നാണ് സർവീസ് സംഘടനകൾ പറയുന്നത്.

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വിവിധ സര്‍വീസ് സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. അതേസമയം, എട്ടാം തീയതി വരെ പോസ്റ്റല്‍ വോട്ടുചെയ്യാമെന്നും അർഹതപ്പെട്ട ഒരാളുടെയും വോട്ട് നഷ്ടപ്പെടില്ലെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. പോസ്റ്റൽ വോട്ടിങ്ങിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും പരാതികൾ പരിശോധിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അറിയിച്ചു.

Post a Comment

0 Comments