തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ഡൽഹിക്കെതിരെ ചെന്നൈക്ക് 23 റൺസ് ജയം

 



ചെന്നൈ: ഐപിഎൽ 17ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിനാണ് തകർത്തുവിട്ടത്. സ്വന്തം തട്ടകമായ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ ഉയർത്തിയ 213 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡൽഹി പോരാട്ടം 189ൽ അവസാനിച്ചു. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന(56 പന്തിൽ 115) സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തിലാണ് ആതിഥേയർ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. 15 ഫോറും നാല് സിക്‌സറും സഹിതമാണ് മലയാളി താരത്തിന്റെ ശതകം. ആയുഷ് മാത്രെ അർധ സെഞ്ച്വറിയുമായി(36 പന്തിൽ 59) മികച്ച പിന്തുണ നൽകി.

ചെപ്പോക്കിൽ ചേസിങിന് ഇറങ്ങിയ ഡൽഹിക്ക് മധ്യഓവറുകളിൽ തുടരെ വിക്കറ്റുകൾ വീണതോടെ ലക്ഷ്യം അകലെയായി. 38 പന്തിൽ 60 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്‌സിന് മാത്രമാണ് പിടിച്ചുനിൽക്കാനായത്. പതും നിസ്സങ്ക (24 പന്തിൽ 41) റൺസെടുത്തു. സിഎസ്‌കെക്കായി ജാമി ഓവർട്ടോൺ നാല് വിക്കറ്റെടുത്തു. അൻഷൂൽ കാംബോജ് മൂന്ന് വിക്കറ്റെടുത്തു. കെ എൽ രാഹുൽ (18), സമീർ റിസ്വി (6), അക്സർ പട്ടേൽ (1), ഡേവിഡ് മില്ലർ (17), അശുതോഷ് ശർമ (19), അക്വിബ് നബി (4) എന്നിവർ നിരാശപ്പെടുത്തി.

നേരത്തെ, ഈ ഐപിഎൽ സീസണിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജു കുറിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ താരത്തിന്റെ ശക്തമായ കംബാക് കൂടിയായിരുന്നു ഇത്.ഒന്നാം വിക്കറ്റിൽ സഞ്ജു-ഗെയ്കവാദ് സഖ്യം 62 റൺസ് ചേർത്തു. 18 പന്തിൽ 15 റൺസെടുത്ത് ഗെയിക്വാദ് പുറത്തായെങ്കിലും ആയുഷ്മാത്രെ സഞ്ജുവിനൊപ്പം ചേർന്നതോടെ ചെപ്പോക്കിൽ റൺസൊഴുകി. ശിവം ദുബെ(10 പന്തിൽ 20) അവസാന ഓവറുകളിൽ ആഞ്ഞടിച്ചതോടെ ചെന്നൈ ടോട്ടൽ 200 കടന്നു

Post a Comment

0 Comments