ബിജെപി പ്രവേശനം; രാഘവ് ഛദ്ദയ്ക്ക് ഇൻസ്റ്റഗ്രാമിൽ 24 മണിക്കൂറിനിടെ നഷ്ടപ്പെട്ടത് 10 ലക്ഷം ഫോളോവേഴ്സിനെ

 



ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്ക്ക് സോഷ്യൽ മീഡിയയിൽ കനത്ത തിരിച്ചടി. പാർട്ടി മാറ്റത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്സിനെയാണ് ഛദ്ദയ്ക്ക് ഇൻസ്റ്റഗ്രാമിൽ നഷ്ടമായത്.

വെള്ളിയാഴ്ച 14.6 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്ന ഛദ്ദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ശനിയാഴ്ച ഉച്ചയോടെ ഫോളോവേഴ്സിന്റെ എണ്ണം 13.5 മില്യണായി കുറഞ്ഞു. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 13.3 മില്യണ്‍ ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്. ഓരോ മണിക്കൂറിലും ഫോളോവേഴ്സിന്റെ എണ്ണം കുറയുന്നുണ്ട്. യുവതലമുറയുടെ, പ്രത്യേകിച്ച് 'ജെൻ സി' വിഭാഗത്തിന്റെ വലിയ പിന്തുണയുണ്ടായിരുന്ന നേതാവായിരുന്നു രാഘവ് ഛദ്ദ. എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാഷ്ട്രീയ ചുവടുമാറ്റം യുവാക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാഘവ് ഛദ്ദയെ ഇൻസ്റ്റാഗ്രാമിൽ 'അൺഫോളോ' ചെയ്യാൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ രീതിയില്‍ കാമ്പയിൻ നടക്കുന്നുണ്ട്. 'ഇന്റർനെറ്റിന് നിങ്ങളെ ഒരൊറ്റ രാത്രി കൊണ്ട് ഹീറോയാക്കാം, അതുപോലെ പൂജ്യവുമാക്കാം എന്നാണ് എന്ന് എൻസിപി (എസ്പി) വക്താവ് അനീഷ് ഗവാണ്ടെ ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ ജനപ്രീതി അളക്കാനുള്ള ആധുനിക മാനദണ്ഡമായി സോഷ്യൽ മീഡിയ ഫോളോവേഴ്സ് മാറിക്കഴിഞ്ഞുവെന്നും ഈ കണക്കുകൾ ഛദ്ദയ്ക്ക് നൽകുന്നത് വലിയൊരു മുന്നറിയിപ്പാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ട് യുവാക്കൾക്കിടയിൽ തരംഗമായ രാഘവ് ഛദ്ദയ്ക്ക്, ഈ ഡിജിറ്റൽ തിരിച്ചടി മറികടന്ന് ജനപ്രീതി വീണ്ടെടുക്കാൻ സാധിക്കുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. അതേസമയം ഛദ്ദയ്ക്കൊപ്പം മറ്റ് ആറ് എഎപി രാജ്യസഭാ എംപിമാരും ബിജെപിയിലേക്ക് ചേക്കേറിയത് അരവിന്ദ് കെജ്രിവാളിനും പാർട്ടിക്കും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

Post a Comment

0 Comments