ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 2800 പോയിൻ്റിലേറെ ഉയര്‍ന്നു


മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താത്കാലിക ഇടവേളയായതോടെ ഓഹരിവിപണിയില്‍ വന്‍ കുതിപ്പ്. വിപണി ആരംഭത്തില്‍ സെന്‍സെക്‌സ് 2800 പോയിന്റിലേറെ ഉയര്‍ന്നു. നിഫ്റ്റി 800 പോയിന്റിലേറെയും ഉയര്‍ന്നു. യുദ്ധം ഒഴിഞ്ഞതും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് ഊര്‍ജവിപണിയെ സാധാരണ നിലയിലാക്കുമെന്നതുമാണ് ഓഹരിവിപണികള്‍ക്ക് കരുത്തായത്. വ്യാപാര ആരംഭത്തില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കരുത്തുകാട്ടിയതും വിപണിയെ സ്വാധീനിച്ചു. 36 പൈസ ഉയര്‍ച്ചയില്‍ 92.64 രൂപ എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്.

യുദ്ധഭീതിക്ക് താത്കാലിക ഇടവേളയായതോടെ സ്വര്‍ണവിലയിലും വന്‍ കുതിപ്പാണ്. പവന് 2920 രൂപ വര്‍ധിച്ച് 1,12,800 രൂപയായി. ഗ്രാമിന് 365 രൂപ വര്‍ധിച്ച് 14,100 രൂപയുമായി. ഇന്നലെ 1,09,880 രൂപയായിരുന്നു പവന്‍ വില. ആഗോളവിപണിയില്‍ സ്വര്‍ണവില മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 4809 ഡോളര്‍ എന്ന നിലയിലെത്തി. വെള്ളി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 76.47 എന്ന ഡോളറിലാണ് വ്യാപാരം.

ഇറാനും യുഎസും തമ്മില്‍ താത്കാലിക വെടിനിര്‍ത്തലിന് പിന്നാലെ അസംസ്‌കൃത എണ്ണവില വന്‍തോതില്‍ ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 94 ഡോളര്‍ എന്ന നിലയിലാണ്.

Post a Comment

0 Comments