യുഡിഎഫ് ഭരണമായിരുന്നെങ്കിൽ സഞ്ജു സിക്സടിക്കുന്നത് കാണാൻ പറ്റുമായിരുന്നോ? പരിഹാസവുമായി എ.എൻ ഷംസീർ

 



തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന വൈദ്യുതി പ്രതിസന്ധികളെ പരിഹസിച്ച് സ്പീക്കർ എ.എൻ ഷംസീർ. യുഡിഎഫായിരുന്നു ഇപ്പോൾ ഭരിച്ചിരുന്നതെങ്കിൽ ലോകകപ്പിൽ സഞ്ജു സാംസൺ സിക്‌സടിക്കുന്നത് കാണാൻ പറ്റുമായിരുന്നോ എന്ന് അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു ഷംസീറിന്റെ പരിഹാസം.

കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണം കേരളത്തിൽ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നെങ്കിൽ സഞ്ജു സിക്‌സ് അടിക്കുന്നത് കാണാൻ പറ്റുമായിരുന്നോ? കറണ്ട് പോയിട്ടുണ്ടാകും. പിന്നെ കളി തീരുമ്പോഴായിരിക്കും കറണ്ട് വരുന്നത്. ഇപ്പോൾ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകൾ കാണാൻ പറ്റുന്നില്ലേയെന്നും ഷംസീർ സദസിനോട് ചോദിച്ചു. നമ്മളല്ല, മറിച്ച് യുഡിഎഫാണ് ഭരിക്കുന്നതെങ്കിൽ ഈ സീരിയലുകൾ കാണാൻ പറ്റുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. സഞ്ജുവിന്റെ ലോകകപ്പിലെ പ്രകടനവും ഇന്ത്യ ലോകകപ്പ് നേടുന്നതും കാണാൻ സാധിച്ചത് എൽഡിഎഫ് ഭരിച്ചതുകൊണ്ടാണെന്നും ഷംസീർ പറഞ്ഞു.

യുഡിഎഫായിരുന്നു ഭരിക്കുന്നതെങ്കിൽ സൂര്യകുമാർ കപ്പ് വാങ്ങുന്നത് കാണാൻ പറ്റില്ല. കപ്പ് വാങ്ങാൻ പോകുമ്പോൾ കറന്റ് പോകും. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ട് കപ്പ് വാങ്ങുന്നത് കാണാൻ പറ്റി. യുഡിഎഫിന്റെ കാലത്ത് രാത്രി കറന്റില്ല, എല്ലാ കളിയും രാത്രിയാണ് എന്നിങ്ങനെയായിരുന്നു ഷംസീറിന്റെ പ്രസംഗം.


Post a Comment

0 Comments