വാഷിങ്ടൺ: മാർപാപ്പക്ക് എതിരെ രൂക്ഷവിമർശനമുന്നയിച്ചതിന് പിന്നാലെ സ്വയം യേശുവായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രോഗശാന്തി നൽകുന്ന യേശുവായി സ്വയം ചിത്രീകരിക്കുന്ന എഐ ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചത്.
അമേരിക്കൻ പതാകയുടെ പശ്ചാത്തലമുള്ളതാണ് ചിത്രം. സൈനികർ, വിമാനങ്ങൾ, പരുന്ത്, നഴ്‌സുമാർ, രോഗിയായ ആൾ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ടാണ് ചിത്രം. കൈയിൽ പ്രത്യേക വെളിച്ചവും രോഗിയുടെ തലയിൽ കൈവെച്ച് ശാന്തി നൽകുന്ന തരത്തിൽ ട്രംപ് നിൽക്കുന്നതുമാണ് ചിത്രത്തിലുള്ളത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ശനിയാഴ്ച നടന്ന പ്രാർഥനാ ശുശ്രൂഷയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ ആഹ്വാനംചെയ്തിരുന്നു. വെടിനിർത്തൽ ചർച്ചയുടെ അന്നേ ദിവസം തന്നെയായിരുന്നു മാർപാപ്പ സമാധാനത്തിനായി ആഹ്വാനം ചെയ്തത്. എന്നാൽ, ഇതിനെതിരേ ട്രംപ് രംഗത്തെത്തി. മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതിയെന്നും രാഷ്ട്രീയക്കാരനാകരുതെന്നും ട്രംപ് വിമർശിച്ചു. തന്നെ നേരിടാനാണ് ഒരു അമേരിക്കക്കാരനായ ലിയോയെ സഭ മാർപാപ്പയായി തിരഞ്ഞെടുത്തതെന്നും ട്രംപ് ആരോപിച്ചിരുന്നു.
മാർപാപ്പ വിദേശനയത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം മോശമാണ്. തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മാർപാപ്പ രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറുന്നത് അവസാനിപ്പിച്ച് സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സമാധാനത്തിനായി ഇനിയും ശബ്ദമുയർത്തുമെന്ന മറുപടിയുമായി മാർപാപ്പയും രംഗത്തെത്തിയിരുന്നു.
ഇതാദ്യമായിട്ടല്ല ട്രംപ് സ്വന്തം ചിത്രം ഉപയോഗിച്ചുള്ള എഐ ചിത്രീകരണം പങ്കുവെക്കുന്നത്. നേരത്തെ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന വേളയിൽ പോപിന്റെ വസ്ത്രം ധരിച്ചുകൊണ്ടുള്ള സ്വന്തം എഐ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് പേജിലും ഈ ചിത്രം പങ്കുവെച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്കിടയാക്കുകയും ചെയ്തിരുന്നു

0 Comments