*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വയനാട്*
*വാര്‍ത്താകുറിപ്പ്-1*
*03.04.2026*
*...................................*
*ബാലറ്റ് യൂണിറ്റ് കമ്മീഷനിങ് ഇന്ന്*
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ബാലറ്റ് യൂണിറ്റ് കമീഷനിങ് ഏപ്രില്‍ നാല് ശനിയാഴ്ച നടക്കും. ബാലറ്റ് ലേബല്‍ ബാലറ്റ് യൂണിറ്റില്‍ പതിച്ച് ഇവിഎം പ്രവര്‍ത്തന സജ്ജമാക്കുന്ന പ്രക്രിയയാണ് കമ്മീഷനിങ്. സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ വരണാധികാരിയുടെ മേല്‍നോട്ടത്തിലാണ് ഇത് നടക്കുന്നത്. രാവിലെ 7.30 മുതല്‍ മാനന്തവാടി സെന്റ് പാട്രിക്സ് ഹൈസ്‌കൂളിലും കല്‍പറ്റ എസ്‌കെഎംജെ ഹൈസ്‌കൂളിലും ബത്തേരി സെന്റ് മേരീസ് കോളേജിലുമാണ് കമ്മീഷനിങ് നടക്കുക.
*പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ഞായറാഴ്ച*
നിയമസഭാ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ അഞ്ച് ഞായറാഴ്ച കല്‍പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളില്‍ പരിശീലനം നല്‍കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിശീലനം.
*പോളിംഗ് ഉദ്യോഗസ്ഥര്‍ റിഫ്രഷര്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കണം*
നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ക്രമീകരിച്ചിരിക്കുന്ന റിഫ്രഷര്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.
ഏപ്രില്‍ അഞ്ചിന് രാവിലെ 9.30 മുതല്‍ മാനന്തവാടി സെന്റ് പാട്രിക്സ് ഹൈസ്‌കൂളിലും ഏപ്രില്‍ ആറിന് കല്‍പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളിലും ഏപ്രില്‍ ഏഴിന് ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലുമാണ് ഉദ്യോഗസ്ഥര്‍ എത്തിച്ചേരേണ്ടത്. ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരവും ഉണ്ടായിരിക്കും.
*തെരഞ്ഞെടുപ്പ് ബോധവത്കരണം: ആശുപത്രി സന്ദര്‍ശിച്ചു*
വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ് അംഗങ്ങള്‍ മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ആശുപത്രി സന്ദര്‍ശിച്ചു. ജനാധിപത്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനും ഓരോ വോട്ടിന്റെയും മൂല്യം സംബന്ധിച്ച അവബോധം സമൂഹത്തില്‍ എത്തിക്കാനും ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനം. സ്വീപ് അംഗങ്ങള്‍ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ലബോറട്ടറികള്‍, ഫാര്‍മസി, വാര്‍ഡുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും എന്റെ വോട്ട്, എന്റെ ശബ്ദം എന്ന സന്ദേശം കൈമാറി.
തഹസില്‍ദാര്‍ എന്‍ പ്രിയ വോട്ടവകാശത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ വികസനത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാമെന്ന സന്ദേശം പരിപാടിയിലൂടെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കി.
*ബോധവത്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു*
സ്വീപിന്റെ ഭാഗമായി ചുള്ളിയോട് ഗവ. വനിത ഐടിഐയില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചുള്ളിയോട് ടൗണില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഫ്ലാഷ് മോബും ഇലക്ഷന്‍ പ്രതിജ്ഞയും ശ്രദ്ധേയമായി. നമ്മുടെ വോട്ട്, നമ്മുടെ അവകാശം, നമ്മുടെ ഭാവി എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് വനിത ഐടിഐയിലെ വിദ്യാര്‍ത്ഥിനികള്‍ ചുള്ളിയോട് ടൗണില്‍ ബോധവത്കരണ റാലിയും നടത്തി. സ്വീപ് ടീം അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
*കെ.എസ്.ആര്‍.ടി.സി ബസില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണം*
മാനന്തവാടി മണ്ഡലത്തിലെ സ്വീപ് അംഗങ്ങള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിച്ച് നടത്തിയ തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനം ശ്രദ്ധേയമായി. ബാവലി -മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. യാത്രയ്ക്കിടെ ബസ്സിലെ ഓരോ യാത്രക്കാരോടും നേരിട്ട് സംവദിച്ച് വോട്ടവകാശത്തിന്റെ പ്രാധാന്യവും പൗരന്റെയും ഉത്തരവാദിത്വവും സ്വീപ് അംഗങ്ങള്‍ വിശദീകരിച്ചു. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന സന്ദേശം കൈമാറിയതിനൊപ്പം ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന വോട്ടെടുപ്പില്‍ എല്ലാവരും പങ്കെടുക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
*302 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു*
നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനകളില്‍ വെള്ളിയാഴ്ച 302 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതുഇടങ്ങളില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച 160 പോസ്റ്ററുകള്‍, 13 ബാനറുകള്‍, 17 മറ്റ് പ്രചരണ സാമഗ്രികള്‍, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 110 പോസ്റ്ററുകള്‍, ഒരു ബാനര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 2893 പോസ്റ്ററുകള്‍, 293 ബാനറുകള്‍, 209 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന 366 പോസ്റ്ററുകള്‍, 14 ബാനറുകള്‍, 26 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയും നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
*സി-വിജില്‍: 311 പരാതികള്‍ ലഭിച്ചു*
സി-വിജില്‍ ആപ്പ് മുഖേന ജില്ലയില്‍ വെള്ളിയാഴ്ച 311 പരാതികള്‍ ലഭിച്ചു. എല്ലാ പരാതികളും പരിഹരിച്ചു. ജില്ലയില്‍ ഇതുവരെ 3605 പരാതികളാണ് സി-വിജില്‍ ആപ്പ് വഴി ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് സി - വിജില്‍ ആപ് മുഖേന പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം.
0 Comments