തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പുരം സ്ഫോടനത്തിൽ ഒരു മരണംകൂടി. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേരുടെ ഗുരുതരമായി തുടരുകയായിരുന്നു. വെടിക്കെട്ട് നടത്തിപ്പുകാരനായ സതീശന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നേരത്തെ സൂചന നൽകിയിരുന്നു. സതീശൻ ഉൾപ്പെടെ നാല് പേരും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു.
അതേസമയം, പരിക്കേറ്റ മറ്റ് ആറ് പേർ ഇന്ന് ആശുപത്രി വിട്ടേക്കും.അപകടത്തെത്തുടർന്ന് കാണാതായ നാല് പേരെ തിരിച്ചറിയുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം വരുന്നതോടെ കാണാതായവരെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടാകും. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ കാരണങ്ങളെക്കുറിച്ച് വിദഗ്ധ സംഘം പരിശോധന നടത്തിവരികയാണ്. അപകടത്തിൽ പത്ത് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. തിരുവമ്പാടിക്കായി പടക്കസാമഗ്രികൾ നിർമിക്കുകയായിരുന്ന നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.
അതേസമയം, തൃശ്ശൂർ പൂരം നടത്താൻ തീരുമാനിച്ചതിന് പിന്നാലെ ഒരുക്കങ്ങൾ തകൃതിയാക്കിയിരിക്കുകയാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ . നാളെയാണ് പൂര വിളംബര ചടങ്ങുകൾ നടക്കുക. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ തിരുവമ്പാടിയുടെ ദുഃഖാചരണം ഇന്നും തുടരും. പാറമേക്കാവിന്റെ ചമയ പ്രദർശനം ഇന്ന് തുടങ്ങും. ചടങ്ങ് മാത്രമായി ഒതുക്കാനാണ് തീരുമാനം. ഇന്നലെ നടന്ന യോഗത്തിൽ വെടിക്കെട്ട് ഒഴിവാക്കാനും കുടമാറ്റം വെട്ടിച്ചുരുക്കി പൂരം നടത്താനുമാണ് തീരുമാനമായത്. സർക്കാരും തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.

0 Comments