തിരുവനന്തപുരം: സി.പി.എം. വിട്ട് കോൺഗ്രസിലേക്ക് നീങ്ങിയ ജി. സുധാകരനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് സജി ചെറിയാൻ. സുധാകരൻ പാർട്ടിയെ ചതിച്ചവനാണെന്നും ഇനിയും ആക്രമണം തുടർന്നാൽ സുധാകരന്റെ സ്വകാര്യ ഇടപാടുകൾ ഓരോന്നായി വെളിപ്പെടുത്തുമെന്നും സജി ചെറിയാൻ താക്കീത് നൽകി.
കൃഷ്ണപിള്ള സ്മാരകം തകർത്തതിൽ തനിക്കെതിരെ ആരോപണമുന്നയിക്കുന്ന സുധാകരൻ മര്യാദകെട്ട വർത്തമാനമാണ് പറയുന്നത്. തകർക്കാൻ പോയിട്ടുണ്ടെങ്കിൽ തങ്ങൾ ഒരുമിച്ചാണ് പോയത്. സുധാകരനാണ് സ്മാരകം കത്തിക്കാൻ പോയതെന്ന് താൻ തിരിച്ചും പറഞ്ഞാലോ എന്ന് സജി ചെറിയാൻ ചോദിച്ചു. ജി. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ആറുമാസത്തിനകം ആലപ്പുഴ കടലിൽ ചാടി ചാകേണ്ടി വരും. സുധാകരനെ കോൺഗ്രസ് ഉപയോഗിച്ച് കഴിഞ്ഞ് കരിമ്പിൻ ചണ്ടി പോലെ വലിച്ചെറിയും സജി ചെറിയാൻ വ്യക്തമാക്കി.
പ്രപഞ്ചത്തിൽ സത്യമുണ്ട്. ചെയ്തതിനും പറഞ്ഞതിനുമൊക്കെ അനുഭവിക്കും. താൻ മാഫിയ ആണെന്ന് പറയുന്ന സുധാകരൻ അഞ്ച് രൂപ കിട്ടിയാൽ പോലും പോക്കറ്റിലിടുന്നവനാണ്. സുധാകരന്റെ ആസ്തിയുടെ 25-ൽ ഒന്ന് പോലും ഇപ്പോഴത്തെ എം.എൽ.എമാർക്കില്ലെന്നും ലോണെടുത്താണ് എച്ച്. സലാം വീട് പണിതതെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ സെക്രട്ടറിയുടെ പോലും ജാതി പറഞ്ഞ് ആക്ഷേപിക്കുന്ന നാറിയ വർത്തമാനമാണ് സുധാകരന്റേത്. നാസർ ഈഴവനാണെന്ന് പറയുന്നതിലൂടെ വർഗ്ഗീയ ചേരിതിരിവിനാണ് സുധാകരൻ ശ്രമിക്കുന്നത്.
ജി. സുധാകരൻ ചരിത്രത്തിന്റെ ചവിറ്റുകുട്ടയിലേക്ക് കൂപ്പുകുത്തും. സുധാകരൻ പാർട്ടി വിട്ടത് അമ്പലപ്പുഴയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കാനേ സഹായിക്കൂ. ആലപ്പുഴയിൽ എട്ട് മണ്ഡലങ്ങളും നിലനിർത്തുമെന്നും ഹരിപ്പാട് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ടെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. പിണറായി വിജയന്റെ നേതൃമികവിന് ബദലായി മറുഭാഗത്ത് ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു.

0 Comments