തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ പട്ടിണിയാകില്ല, കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കും

 

ആലപ്പുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു പാചകവാതക ക്ഷാമം കാരണം ഭക്ഷണ ലഭ്യത കുറവായതിനാൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കും. ഓരോ പോളിങ് സ്റ്റേഷനിൽ ഭക്ഷണം ആവശ്യമുണ്ടോയെന്നു പ്രാദേശികമായി തിരക്കിയ ശേഷമാകും കുടുംബശ്രീ പ്രവർത്തകർ ഭക്ഷണം തയാറാക്കി എത്തിക്കുക. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ പോളിങ് സ്റ്റേഷനു സമീപമുള്ള ഹോട്ടലുകൾ പാചകവാതക ക്ഷാമത്തെ തുടർന്ന് അടച്ചിടാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇതിനു പുറമേ വോട്ടിങ് മെഷീനുകളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ കുടുംബശ്രീ കഫെയും നടത്തും. ഇതിനായി ജില്ലയിൽ 9 മണ്ഡലങ്ങളിലും പ്രത്യേക സ്റ്റാളുകൾ സജ്ജമാക്കുന്നുണ്ട്.

വോട്ടിങ് മെഷീനുകളുടെ വിതരണത്തിനായി 8ന് രാവിലെ മുതൽ ഉദ്യോഗസ്ഥർ വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ എത്തും. ഇതു കണക്കിലെടുത്തു രാവിലെ 7 മുതൽ ഉച്ചയ്ക്കു 2 വരെയാണു സ്റ്റാൾ പ്രവർത്തിക്കുക. വോട്ടിങ്ങിനു ശേഷം മെഷീനുകൾ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് 9നു വൈകിട്ടും സ്റ്റാൾ പ്രവർത്തിക്കുമെന്നു കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ എസ്.രഞ്ജിത്ത് പറഞ്ഞു.

Post a Comment

0 Comments