കോഴിക്കോട്: വികസിത നാടുകളോട് കിടപിടിക്കുന്ന നിലയിലേക്ക് കേരളത്തെ എത്തിച്ചത് പത്തു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളുണ്ടായെങ്കിലും വിഴിഞ്ഞം പോര്‍ട്ട് യാഥാര്‍ഥ്യമാക്കിയെന്നും അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഇനിയും തുടരണോ അതോ ഇടവേള വേണോയെന്നതാണ് തെരഞ്ഞെടുപ്പില്‍ ഉയരുന്ന ചോദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് നോര്‍ത്ത്, സൗത്ത് മണ്ഡലം തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് കോഴിക്കോട് കടപ്പുറത്ത് വെച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
'തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും സര്‍ക്കാര്‍ 10,000 കോടി കിഫ്ബി വഴി ചെലവിട്ടു. ഏത് വികസിത നാടിനോടും കിടപിടിക്കുന്ന തരത്തില്‍ കേരളം കുതിക്കുന്നതിന് ഇടയാക്കിയത് കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണമാണെന്നതില്‍ തര്‍ക്കമില്ല. പ്രതിസന്ധികള്‍ പലതും മുന്നോട്ട് വന്നെങ്കിലും വിഴിഞ്ഞം പോര്‍ട്ട് യാഥാര്‍ഥ്യമാക്കി. അടിസ്ഥാന സൗകര്യം ഇനിയും തുടരണോ അതോ ഇടവേള വേണോയെന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. ലോകവികാസത്തിനൊത്ത് കേരളം വികസിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഏവരും അംഗീകരിക്കുന്നതായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം. 2016-ല്‍ ദേശീയതലത്തിലെ ആദ്യ നൂറില്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ, രാജ്യത്തെ ആദ്യ ആറ് യൂണിവേഴ്‌സിറ്റികളില്‍ രണ്ടെണ്ണം കേരളത്തില്‍ നിന്നുള്ളതാണ്. ആദ്യ നൂറില്‍ 18 എണ്ണം കേരളത്തില്‍ നിന്നുള്ളവയാണ്.' മുഖ്യമന്ത്രി പറഞ്ഞു.
'വ്യവസായങ്ങള്‍ തുടങ്ങാന്‍ കേരളത്തിലേക്ക് ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ന് കൂടുതലായി വരുന്നുണ്ട്. ഇത് വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇടവേളയില്ലാത്ത വികസനമാണ് ജനം ആഗ്രഹിക്കുന്നത്. എന്നാൽ, നമ്മുടെ വികസനത്തില്‍ രാജ്യത്തെ ഗവര്‍മെന്റ് പങ്ക് വഹിച്ചില്ല. പ്രളയം, കാലവര്‍ഷക്കെടുതി, നിപ, കോവിഡ് എന്നിവയുടെ സമയത്തൊന്നും കേരളത്തെ കേന്ദ്രം സഹായിച്ചില്ല. കേരളത്തോട് മാത്രം നിഷേധാത്മക നിലപാട് സ്വീകരിച്ചു. പുറത്തുനിന്നുള്ള സഹായം തടഞ്ഞു. മുണ്ടക്കൈ, ചൂരല്‍മല ദുരന്തകാലത്തും സഹായം നല്‍കിയില്ല. നികുതി വിഹിതത്തിലും അവഗണന കാട്ടി. ജനസംഖ്യാനുപാതമായ നികുതിവിഹിതം പോലും കേന്ദ്രം കേരളത്തിന് നിഷേധിച്ചു. വായ്പയെടുക്കുന്നതിന് പരിധി ഏര്‍പ്പെടുത്തി. നിങ്ങളങ്ങനെ മെച്ചപ്പെടണ്ട എന്നതാണ് കേന്ദ്രത്തിന് കേരളത്തോടുള്ള നിലപാട്. കേന്ദ്രസര്‍ക്കാറിന് നേതൃത്വം നല്‍കുന്ന ആര്‍എസ്എസിനെയും ബിജെപിയെയും കേരളം സ്വീകരിക്കാത്തതിന്റെ വിരോധം പകയായി മാറിയിരിക്കുകയാണ്. കേരളം തകരട്ടെയെന്ന നിലപാടാണ് അവരുടേത്.'
കേന്ദ്രത്തിന്റെ നിലപാടിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് തയാറാവുന്നില്ല. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരും മിണ്ടുന്നില്ല. പലപ്പോഴും കേന്ദ്രത്തെ ന്യായീകരിക്കുകയാണ് എംപിമാരും. നാടിന്റെ പ്രശ്നം ചൂണ്ടിക്കാട്ടി ഒന്നിച്ചുള്ള പ്രക്ഷോഭത്തിന് ക്ഷണിച്ചപ്പോള്‍ കോണ്‍ഗ്രസ് തയാറായില്ലെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

0 Comments