കോഴിക്കോട്: വെളുത്തുള്ളിയും കായവും കലക്കി ഒഴിച്ചാൽ പാമ്പിനെ ഓടിക്കാൻ ആവുമോ എന്ന സംശയമുള്ളവരകാണ് പലരും എല്ലാൽ അത് ശാസ്ത്രീയമായി ശരിയല്ലയെന്ന് സർപ്പ സ്റ്റേറ്റ് നോഡൽ ഓഫീസർ മുഹമ്മദ് അൻവർ പറഞ്ഞു.
പാമ്പുകൾക്ക് ഗന്ധം തിരിച്ചറിയാൻ ശേഷി കുറവാണ്. മൂക്ക് ഉപയോഗിക്കുന്നത് ശ്വാസമെടുക്കാൻ മാത്രമാണ്. മണ്ണെണ്ണയും ഡീസലും തളിച്ചത് കൊണ്ട് പാമ്പ് വരാതിരിക്കില്ല. പാമ്പുകൾക്ക് ഒളിച്ചിരിക്കാനും ഇര പിടിക്കാനുമുള്ള സാഹചര്യം ഇല്ലാതാക്കുക. ചെടിചട്ടികൾ ശ്രദ്ധപൂർവ്വം വയ്ക്കുക. പാമ്പിന് ഒളിച്ചിരിക്കാൻ പറ്റുന്ന സ്ഥലങ്ങൾ ഒഴിവാക്കുക. എലികൾ വരാതിരിക്കാൻ ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കാതെ ഇരിക്കണമെന്നും മുഹമ്മദ് അൻവർ പറഞ്ഞു.
മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ മുതലായ വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങൾ ജനിക്കുന്ന സമയമാണ് വേനൽക്കാലം. തണുത്തതും ഈർപ്പമുള്ളതുമായ സ്ഥലങ്ങളിൽ പാമ്പുകളുടെ ശല്യം കൂടുന്നത് സാധാരണമാണ്. അത്കൊണ്ട് പ്രത്യേകം ശ്രദ്ധവേണം.
വീടുകൾക്കുള്ളിൽ പാമ്പുകൾ പ്രവേശിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ഫോറസ്റ്റ് വാച്ചർ ബിജിലേഷും മീഡിയവണിനോട് വിശദീകരിച്ചു. കഴിഞ്ഞ വർഷം കേരളത്തിൽ 26ഓളം പേരാണ് പാമ്പ്കടിയേറ്റ് മരിച്ചതെന്ന് ബിജിലേഷ് പറയുന്നു. കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണം നമ്മുടെ ശ്രദ്ധക്കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വീടിനകത്തേക്ക് പാമ്പുകൾ എത്തുന്നതിന് മൂന്നോ നാലോ പ്രധാന കാരണങ്ങളുണ്ട്. വീട്ടിലേക്ക് കൊണ്ടുപോകുന്നവ വഴി പാമ്പുകൾ അകത്ത് കയറാം. അതിൽ പ്രധാനം വസ്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയാണ്. പുറത്ത് ഉണങ്ങാനിടുന്ന വസ്ത്രങ്ങൾ കുടഞ്ഞു വൃത്തിയാക്കാതെ നേരിട്ട് ബെഡിലേക്കോ മറ്റോ കൊണ്ടുപോയി ഇടുന്നത് വഴി അതിനുള്ളിൽ ചുരുണ്ടിരിക്കുന്ന പാമ്പുകൾ വീടിനുള്ളിലെത്താൻ ഇടയാക്കും. ആഹാരം തേടിയും പാമ്പുകൾ വീട്ടിലെത്താം. വീട്ടിലെ എലികളെ മറ്റും പിന്തുടർന്നും അകത്ത് കയറാം. മറ്റൊരു പ്രധാന കാരണം വീടിനോട് ചേർന്ന് വളരുന്ന മരച്ചില്ലകളും വള്ളിച്ചെടികളുമാണ്. ജനലുകളിലേക്കോ ഭിത്തിയിലേക്കോ ഇത്തരം ചെടികൾ വഴി പാമ്പുകൾ എത്താം. ചൂടുകാലത്ത് തണുപ്പുള്ള സ്ഥലങ്ങളിലേക്ക് ഇവ പോവും. വെള്ളിക്കെട്ടൻ കടിച്ചാൽ പുകച്ചിലോ കടച്ചിലോ ഉണ്ടാവില്ലെന്നും ബിജിലേഷ് പറഞ്ഞു.
പാമ്പുകടിയേറ്റാൽ സ്വയം ചികിത്സയ്ക്കോ പ്രഥമ ശുശ്രൂഷയ്ക്കോ മുതിരാതെ എത്രയും വേഗം ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ എത്തിക്കണമെന്ന് ഫോറസ്റ്റ് ഓഫീസർ റോഷ്നി പറഞ്ഞു. മൂർഖൻ കടിച്ചാൽ പെട്ടെന്ന് തിരിച്ചറിയാൻ ആവുമെന്നും കടുത്ത വേദനയും നീരും അനുഭവപ്പെടുമെന്നും അതിന് ശേഷമാണ് ഛർദ്ദി, ബോധക്ഷയം എന്നിവയും ഉണ്ടാവുന്നതെന്ന് അവർ പറയുന്നു. ഒരുപാട് ലക്ഷണങ്ങൾ ശരീരം കാണിക്കും. അത്തരം ലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ആന്റിവെനം ലഭിക്കുന്ന ആശുപത്രിയിൽ എത്തിക്കണം. വെള്ളിക്കട്ടൻ (ശംഖുവരയൻ) പോലെയുള്ള പാമ്പുകളുടെ കടി ഉറക്കത്തിൽ അറിയാൻ കഴിയില്ല. ചെറിയ എന്തെങ്കിലും കടിച്ചത് പോലെ തോന്നിയാൽ പോലും ഉടൻ വൈദ്യസഹായം തേടണം.
പ്രഥമ ശുശ്രൂഷ ചെയ്യരുത്. കടിയേറ്റ ഭാഗത്തിന് മുകളിൽ കയറോ തുണിയോ ഉപയോഗിച്ച് മുറുക്കിക്കെട്ടുന്നത് പോലുള്ള പഴയ രീതികൾ ഒഴിവാക്കണം. മുറിവിൽ പ്രഷർ കൊടുക്കാനോ മറ്റ് പരീക്ഷണങ്ങൾക്കോ നിൽക്കരുത്. രോഗിയെ ശാന്തനാക്കി എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്നതാണ് പ്രധാനം. എല്ലാ സർക്കാർ ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ആന്റിവെനം ലഭ്യമാണ്. പോകുന്ന വഴിക്ക് തന്നെ ആശുപത്രിയിൽ വിളിച്ച് മരുന്ന് ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നത് സമയം ലാഭിക്കാൻ സഹായിക്കും. 'സർപ്പ' (SARPA) ആപ്ലിക്കേഷൻ വഴി ആന്റിവെനം ലഭ്യമായ അടുത്തുള്ള ആശുപത്രികൾ കണ്ടെത്താൻ സാധിക്കുമെന്നും അവർ പറഞ്ഞു.
പാമ്പുകടിയേറ്റാൽ ഭയപ്പെടാതെയും സമയം കളയാതെയും കൃത്യസമയത്ത് ചികിത്സ നൽകിയാൽ ജീവൻ രക്ഷിക്കാനാവുമെന്നും കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും റോഷ്നി ഓർമ്മിപ്പിച്ചു.
.jpeg)
0 Comments