കോട്ടയം: തനിക്കും പിതാവ് പി.സി ജോര്‍ജിനുമെതിരെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷോണ്‍ ജോര്‍ജ്. തന്റെ അപ്പനേക്കാള്‍ ബഹുമാനിക്കുന്നയാളാണ് കല്ലറങ്ങാട്ട് പിതാവ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പോലും അദ്ദേഹത്തോട് ചോദിച്ചാണ് ചെയ്തതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. സഭയ്ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലാതിരുന്ന കാലത്ത് തന്റെ പദവിയും പ്രതിച്ഛായയും നോക്കാതെ സഭയ്ക്ക് വേണ്ടി സംസാരിച്ചയാളാണ് പി.സി ജോര്‍ജ് എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ഒളിച്ചും പാത്തും നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല എന്ന കല്ലറങ്ങാട്ട് പിതാവിന്റെ വാദത്തോട് താന്‍ യോജിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. സഭ പരസ്യമായ നിലപാട് സ്വീകരിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ സഭ പിന്തുണ പ്രഖ്യാപിക്കുന്ന പാര്‍ട്ടി സഭയ്ക്ക് വേണ്ടിയും വിശ്വാസികള്‍ക്ക് വേണ്ടിയും എന്താണ് ചെയ്തതെന്ന് ചര്‍ച്ച ചെയ്യപ്പെടും. ആ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ലവ് ജിഹാദ് വിഷയത്തില്‍ കല്ലറങ്ങാട്ട് പിതാവിനെതിരെ ഇടതുപക്ഷവും വലതുപക്ഷവും നിലപാടെടുത്തു. അന്ന് ബിജെപി സ്വീകരിച്ച നിലപാടാണ് എന്നെപ്പോലുള്ളവര്‍ ബിജെപി എന്ന് ചിന്തിച്ചു തുടങ്ങാനുള്ള കാരണം. പിതാവിനെതിരെ ആക്രോശിക്കുകയും രൂപതാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുകയും ചെയ്ത ഇടതുപക്ഷമാണ് അദ്ദേഹത്തിനെതിരെ എട്ട് കേസുകള്‍ എടുത്തത്. വി.ഡി സതീശന്‍ പിതാവിനെ തുറുങ്കിലടക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതോടെയാണ് രണ്ടു മുന്നണികളില്‍ നിന്നും നീതികിട്ടില്ലെന്ന ബോധ്യമുണ്ടായത് -ഷോണ്‍ ജോര്‍ജ് പറഞ്ഞു.
എഫ്‌സിആര്‍എയുടെ കാര്യത്തില്‍ ഇപ്പോള്‍ പെട്ടെന്ന് നിയമം മാറാന്‍ കാരണം ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു അമേരിക്കന്‍ പൗരന്റെ അക്കൗണ്ടുകള്‍ വഴി മണിപ്പൂര്‍ കലാപത്തിന് പണമെത്തി എന്ന വിവരമാണ്. അത്തരം കാര്യങ്ങളില്‍ ദേശസുരക്ഷയെ കരുതി തീരുമാനമെടുക്കുമ്പോള്‍ സഭയ്ക്ക് ആശങ്കയുണ്ടെന്ന് പറഞ്ഞപ്പോള്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം ഇടപെട്ടാണ് എഫ്‌സിആര്‍എ ബില്ല് മാറ്റിവെച്ചത്.
ദീപികക്കെതിരായ തന്റെ നിലപാടില്‍ ഒരടിപോലും പിന്നോട്ടില്ല. ദീപികയെ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ദീപിക സഭാമുഖപത്രമാണെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഞാന്‍ ഒരു സത്യക്രിസ്ത്യാനിയാണ്. കല്ലറങ്ങാട്ട് പിതാവ് പറഞ്ഞ എല്ലാ കാര്യങ്ങളെയും സ്വാഗതം ചെയ്യുകയാണ്. സഭയ്ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ലാതിരുന്ന കാലത്ത് തന്റെ പദവിയും പ്രതിച്ഛായയും നോക്കാതെ സഭയ്ക്ക് വേണ്ടി സംസാരിച്ചയാളാണ് പി.സി ജോര്‍ജ് എന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സഭാ നേതൃത്വത്തെയും വൈദികരെയും അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് അനുവദിക്കാനാവില്ലെന്നും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ സഭ വെച്ചുപൊറുപ്പിക്കില്ലെന്നുമായിരുന്ന പാലാ ബിഷപ്പിന്റെ വിമര്‍ശനം. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ലെന്നും എല്ലാക്കാലത്തും മെത്രാന്മാരും വൈദികരും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

0 Comments