മുഖത്ത് പ്ലാസ്റ്റിക് ഭരണി കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി

 


പഴയങ്ങാടി : വെങ്ങര റെയിൽവേ മേൽപ്പാലത്തിനടുത്ത് തലയിൽ പ്ലാസ്റ്റിക് ഭരണികുടുങ്ങി നോവുന്ന കാഴ്ചയായിമാറിയ നായയുടെ തലയിൽനിന്ന്‌ ഭരണി ഊരിമാറ്റി രക്ഷപ്പെടുത്തി. ജില്ലാ ലേബർ ഓഫീസ്‌ എൻഫോഴ്സ്മെൻറ് വിഭാഗത്തിലെ വെങ്ങരയിലെ ജി. ജയേഷിന്റെ ഇടപെടലിനെ തുടർന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശപ്രകാരം സന്നദ്ധ സേനാ പ്രവർത്തകരായ രഞ്ജിത്ത് നാരായണൻ, പി. ഷിനിൽ എന്നിവർ സ്ഥലത്തെത്തിയത്. ഞായറാഴ്ച രാവിലെ 11.30-ഓടെ സ്ഥലത്തെത്തിയ ഇവർ നാട്ടുകാരുടെ സഹകരണത്തോടെ നായയെ വളയുകയും പിന്നീട് പ്രത്യേക രീതിയിൽ ക്രമീകരിച്ച ബട്ടർഫ്ലൈ വല ഉപയോഗിച്ച് പിടികൂടുകയും തലയിൽനിന്ന് പ്ലാസ്റ്റിക് ഭരണി മാറ്റുകയുംചെയ്തു.

ഭരണി മാറ്റിയതോടെ അവശയായിരുന്നുവെങ്കിലും ആളുകളുടെ ബഹളത്തിനിടയിൽനിന്ന് നായ ഓടിമറഞ്ഞു. കാലിനേറ്റ പരിക്കിൽ മരുന്നുവെച്ച് കെട്ടിയ ശേഷമാണ് ബന്ധപ്പെട്ടവർ ഇതിനെ വിട്ടത്.

Post a Comment

0 Comments