ഈ തിരഞ്ഞെടുപ്പോടെ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇല്ലാതാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമ്പലപ്പുഴയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഇടതുപക്ഷ സർക്കാരിന് അവകാശപ്പെടാൻ ഇടതുപക്ഷത്തിന്റേതായ യാതൊരു നയങ്ങളുമില്ലെന്നും, വർഗീയതയുടെ അദൃശ്യമായ കരങ്ങളാണ് എൽഡിഎഫിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സി.പി.എം നേതൃത്വവും ബി.ജെ.പി-ആർ.എസ്.എസ് സഖ്യവും തമ്മിൽ അവിശുദ്ധമായ ബന്ധമുണ്ടെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
മുതിർന്ന നേതാവ് ജി. സുധാകരൻ കോൺഗ്രസ് വേദിയിലെത്തിയത് ഇടതുമുന്നണിക്ക് സംഭവിച്ച ആദർശപരമായ അപചയം മൂലമാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. എൽഡിഎഫ് മുൻപ് ഉയർത്തിപ്പിടിച്ചിരുന്ന ആശയങ്ങളിൽ നിന്ന് പൂർണ്ണമായും വ്യതിചലിച്ചു കഴിഞ്ഞു. എൽഡിഎഫിലെ പല നേതാക്കളും ഈ യാഥാർത്ഥ്യം മനസ്സിലാക്കുന്നുണ്ടെന്നും, ആശയപരമായ ഈ മാറ്റമാണ് ജി. സുധാകരനെപ്പോലുള്ളവർ യുഡിഎഫ് വേദികളിലേക്ക് എത്തുന്നതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. അദാനി ഗ്രൂപ്പും ബിജെപി നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് രാജ്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. എപ്‌സ്റ്റീൻ ഫയലുകളിൽ കേന്ദ്രമന്ത്രിമാരുടെ പേരുകൾ ഉണ്ടെന്നും ഡോണൾഡ് ട്രംപിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. ഇത്തരം നീക്കങ്ങൾ രാജ്യത്തെ കർഷകരെയും ഊർജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

0 Comments