തിരുവനന്തപുരം: ചിറയൻകീഴിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന രണ്ടാം ക്ലാസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ആഴൂർ മൂലയിൽ വീട്ടിൽ ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് ദാരുണമായ സംഭവം.
ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു ദിക്ഷൽ. ഇന്ന് പുലർച്ചെ കാലിൽ എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി കരഞ്ഞുകൊണ്ട് ഉണരുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളോട് കാലിൽ എന്തോ കടിച്ചത് പോലെ തോന്നുന്നു എന്ന് കുട്ടി പറഞ്ഞു. ഉടൻ തന്നെ രക്ഷിതാക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് പാമ്പുകടിയേറ്റതാണെന്ന സംശയത്തെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ ഒരു മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഈ പാമ്പ് തന്നെയാണ് കുട്ടിയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

0 Comments