തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന് പുറത്തുവരും. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടെങ്കിലും, പശ്ചിമ ബംഗാൾ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്ന് പൂർത്തിയാകുന്നതോടെയാണ് കേരളത്തിലെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത് ഇതുപോലൊരു ഏപ്രിൽ 19നായിരുന്നു. ആക്സിസ് മൈ ഇന്ത്യ അടക്കമുള്ള ഏജൻസികൾ എൽഡിഎഫിനൊപ്പമായിരുന്നു. ആകെ 140 സീറ്റുകളിൽ എൽഡിഎഫ് 104 മുതൽ 120 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് 20 മുതൽ 36 വരെ സീറ്റുകൾ നേടുമെന്നുമായിരുന്നു പ്രവചനം.ഫലം പുറത്തുവന്നപ്പോൾ 99 സീറ്റുമായി എൽഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി. ഇത്തവണയും ആത്മവിശ്വാസത്തിൽ തന്നെയാണ് എൽഡിഎഫ് ക്യാമ്പ്. മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
എന്നാൽ ഭരണം തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ യുഡിഎഫിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ സജീവമായിക്കഴിഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയം നൽകിയ ആത്മവിശ്വാസത്തിലായിരുന്നു യുഡിഎഫ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 85-ൽ പരം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിക്കുമെന്നും ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടായെങ്കിൽ സീറ്റ് നില 90 കടക്കുമെന്നുമാണ് യുഡിഎഫ് നേതാക്കളുടെ അവകാശവാദം. ബിജെപി ഇത്തവണ ഒന്നിലധികം സീറ്റുകൾ നേടി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ്.കുറഞ്ഞത് മൂന്ന് സീറ്റിലെങ്കിലും വിജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.
ഏപ്രിൽ9നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ 78 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെക്കാൾ പോളിങ് ശതമാനത്തിൽ ഉണ്ടായ ഉയർച്ച തങ്ങൾക്ക് അനുകൂലമാകുമെന്ന അവകാശവാദത്തിലാണ് മുന്നണികൾ.മെയ് 4നാണ് വോട്ടെണ്ണൽ.

0 Comments