'ജനനായകന്‍' നാളെ അധികാരമേല്‍ക്കും; മുഖ്യമന്ത്രിയായി വിജയ്‌യുടെ സത്യപ്രതിജ്ഞ രാവിലെ 10ന്

 



ചെന്നൈ: തമിഴ്‌നാട്ടില്‍ ടിവികെ അധ്യക്ഷന്‍ വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അഞ്ച് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചത്. ഇതിന് പിന്നാലെ ഗവര്‍ണര്‍ ആര്‍.വി ആര്‍ലേക്കറിനെ കണ്ട് വിജയ് അവകാശവാദം ഉന്നയിക്കുകയായിരുന്നു. നാളെ രാവിലെ 10 മണിക്ക് ചെന്നൈയില്‍ വിജയ്‌യുടെ സത്യപ്രതിജ്ഞ നടക്കും.

അതേസമയം, പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ മെയ് 13നകം നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇത് നാലാംതവണയാണ് വിജയ് ഗവര്‍ണറെ കണ്ടത്. ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് തവണയും ഗവര്‍ണര്‍ വിജയ്‌യെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇന്ന് കേവലഭൂരിപക്ഷം ഉറപ്പിച്ചതിന് ശേഷമാണ് വിജയെ വീണ്ടും ലോക്ഭവനിലെത്തിയത്.

വിസികെയും മുസ്‌ലിം ലീഗും പിന്തുണച്ചതോടെയാണ് ടിവികെ എണ്ണം തികച്ചത്. ആകെ 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയില്‍ 118 സീറ്റായിരുന്നു കേവലഭൂരിപക്ഷത്തിനാവശ്യം. ടിവികെക്ക് 108 സീറ്റാണുള്ളത്. അധ്യക്ഷന്‍ വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് (5), സിപിഎം (2), സിപിഐ (2) എന്നിവര്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിസികെയുടെയും ലീഗിന്റെയും രണ്ട് എംഎല്‍എമാര്‍ വീതം പിന്തുണച്ചതോടെ ടിവികെയുടെ പിന്തുണ 120 ആയി.

Post a Comment

0 Comments