'മിനാബ് 168' വിമാനത്തിൽ ഡൽഹിയിൽ; ബ്രിക്സ് ഉച്ചകോടിക്കെത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി




ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തി. പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ നടക്കുന്ന ഈ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

അബ്ബാസ് അരാഗ്ചി ഡൽഹിയിൽ ഇറങ്ങിയ വിമാനത്തിൽ രേഖപ്പെടുത്തിയിരുന്ന 'Minab168' എന്ന വാചകം ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ഇറാാനിലെ മിനാബ് നഗരത്തിലുള്ള ഒരു സ്‌കൂളിന് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽ 168 വിദ്യാർഥികൾ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തോടുള്ള പ്രതിഷേധവും യുദ്ധത്തിന്റെ മാനുഷിക ആഘാതവും ലോകശ്രദ്ധയിൽ കൊണ്ടുവരാനാണ് വിമാനത്തിൽ ഇത്തരമൊരു സന്ദേശം ഉൾപ്പെടുത്തിയത്. കൊല്ലപ്പെട്ട കുട്ടികളോടുള്ള ആദരസൂചകമായും അമേരിക്കയുടെ നടപടിക്കെതിരെയുള്ള ശക്തമായ സന്ദേശമായും ഇതിനെ കാണക്കാക്കുന്നു.

ഉച്ചകോടിയിൽ സംസാരിക്കവേ, ഇറാൻ ഒരിക്കലും സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്നത് നിയമവിരുദ്ധവും ക്രൂരവുമായ അധിനിവേശമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ഇറാന്റെ പോരാട്ടം കേവലം ഒരു രാജ്യത്തിന്റെ മാത്രമല്ല, മറിച്ച് പാശ്ചാത്യ ആധിപത്യത്തിനെതിരെ ഉയർന്നു വരുന്ന ഗ്ലോബൽ സൗത്തിന്റെ ശബ്ദമാണ്,' അദ്ദേഹം പറഞ്ഞു. തങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് ഇറാൻ പിന്നോട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി അരാഗ്ചി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഊർജ സുരക്ഷ, പ്രാദേശിക സ്ഥിരത, ഗതാഗത സൗകര്യങ്ങൾ എന്നിവയായിരിക്കും പ്രധാന ചർച്ചാവിഷയങ്ങൾ. കൂടാതെ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ 'പ്രോട്ടോക്കോൾ' കൊണ്ടുവരുന്നതിനെക്കുറിച്ച് ഇറാൻ ഉപവിദേശകാര്യ മന്ത്രി കെസെൻ ഗരീബാബാദിയും സൂചന നൽകിയിട്ടുണ്ട്.

ഇറാൻ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ കൂടി ഉൾപ്പെട്ട വിപുലീകരിച്ച ബ്രിക്സ് കൂട്ടായ്മയുടെ സുപ്രധാനമായ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണിത്. പശ്ചിമേഷ്യൻ സംഘർഷം ഉച്ചകോടിയിൽ പ്രധാനമായും ചർച്ച ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ചും അംഗരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും ആഗോള രാഷ്ട്രീയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാനും ഈ യോഗം വഴിയൊരുക്കും.

ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഈ ബ്രിക്സ് യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നാണ് കരുതുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും നടപടികളെ അപലപിക്കാൻ ബ്രിക്സ് അംഗരാജ്യങ്ങൾ തയ്യാറാകണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിനെതിരെയും പാശ്ചാത്യ ശക്തികളുടെ ഇരട്ടത്താപ്പിനെതിരെയും ഒന്നിച്ചു നിൽക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

Post a Comment

0 Comments