എഐഎഡിഎംകെ പിളർപ്പിലേക്ക്; എടപ്പാടിക്കെതിരെ 36 എംഎൽഎമാർ രംഗത്ത്, നിയമസഭയിൽ വിജയ് യെ പിന്തുണച്ചേക്കും

 



ചെന്നൈ: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മറ്റൊരു പിളർപ്പിന് മുന്നിലാണ് തമിഴ്നാട്ടിൽ എഐഎഡിഎംകെ. മുൻ മന്ത്രി വി.സി ഷൺമുഖത്തിന്റെ നേതൃത്വത്തിൽ 36 എംഎൽഎമാരാണ് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരെ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. പാർട്ടിയുടെ താൽപര്യമല്ല, സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനാണ് പാർട്ടി ജനറൽ സെക്രട്ടറി ശ്രമിക്കുന്നതെന്നാണ് എംഎൽഎമാരുടെ നിലപാട്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങളാണ് പിളർപ്പിൻ്റെ വക്കിലേക്ക് എത്തിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ എൻഡിഎസഖ്യത്തിൻ്റെ ഭാഗമായി മത്സരിച്ച എഐഎഡിഎംകെയ്ക്ക് 47 സീറ്റുകൾ മാത്രമാണ് നേടാനായത്. ബിജെപിയുമായുള്ള സഖ്യം വോട്ടർമാർക്കിടയിൽ തിരിച്ചടിയായെന്നാണ് എടപ്പാടി പളനിസ്വാമിയെ എതിർക്കുന്ന എംഎൽഎമാരുടെ നിലപാട്. അതേസമയം, വിജയ് നേതൃത്വം നൽകുന്ന ടിവികെയുമായി ഇടഞ്ഞു നിൽക്കുന്ന എംഎൽഎമാരുടെ പ്രതിനിധികൾ ചർച്ച നടത്തി എന്നരീതിയിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. സി.വി ഷൺമുഖവും എസ്.പി വേലുമണിയും ചർച്ച നടത്തി എന്നാണ് വിവരം. മന്ത്രി സഭ രൂപീകരിക്കാൻ എടപ്പാടി പളനിസ്വാമി ഡിഎംകെ പിന്തുണ തേടിയിരുന്നു. വോട്ടർമാരെ വഞ്ചിക്കുന്ന നിലപാടാണ് അതെന്നാണ് ഷൺമുഖത്തിന്റെ ആരോപണം.

36 എംഎൽഎമാരും സി.വി. ഷൺമുഖത്തിൻ്റെ വീട്ടിൽ ഒത്തുചേർന്ന് ഭാവി പരിപാടികൾ ചർച്ച ചെയ്തു. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ വിജയ്‌യെ പിന്തുണയ്ക്കാനാണ് ഇവരുടെ തീരുമാനം. തങ്ങളാണ് 'യഥാർത്ഥ എഐഎഡിഎംകെ' എന്ന് അവകാശപ്പെട്ട് സഭയിൽ പ്രത്യേക ഗ്രൂപ്പായി മാറാനും ഷൺമുഖം വിഭാഗം ആലോചിക്കുന്നുണ്ട്. തിങ്കളാഴ്ച നടക്കുന്ന വാർത്താ സമ്മേളനത്തിൽ വിമത എംഎൽഎമാർ തങ്ങളുടെ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കും. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങൾ പൂർണ്ണമായും മാറാനാണ് സാധ്യത.

Post a Comment

0 Comments