ഡോളറിനെതിരെ വീണ്ടും റെക്കോഡ് തകര്‍ച്ചയെ അഭിമുഖീകരിച്ച് ഇന്ത്യന്‍ രൂപ

 

ന്യൂഡല്‍ഹി: ഡോളറിനെതിരെ വീണ്ടും റെക്കോഡ് തകര്‍ച്ചയെ അഭിമുഖീകരിച്ച് ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം 95.93ലേക്ക് ഇടിഞ്ഞു. മൂല്യമിടിവില്‍ പുതിയ റെക്കോഡാണ് രൂപ കുറിക്കുന്നത്. എണ്ണവിലയും വിദേശനിക്ഷേപകരുടെ പണമൊഴുക്കുമാണ് രൂപയുടെ മൂല്യത്തെ തളര്‍ത്തുന്ന പ്രധാനഘടകങ്ങള്‍.

ഈ ആഴ്ചമാത്രം രൂപയുടെ മൂല്യം 1.4 ശതമാനം ഇടിഞ്ഞു. മെയ് 12 മുതല്‍ 14 വരെയുള്ള കാലയളവിലാണ് രൂപയുടെ മൂല്യത്തില്‍ ഇത്രത്തോളം ഇടിവുണ്ടാവുന്നത്. അതേസമയം നിലവിലെ സാഹചര്യത്തില്‍ രൂപക്ക്‌മേലുള്ള സമ്മര്‍ദം വരും ദിവസങ്ങളിലും തുടരുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

ഡോണള്‍ഡ് ട്രംപ് -ഷീ ജിങ്പിങ ്ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ എണ്ണയുടെ വിലയില്‍ രാജ്യാന്തര വിപണിയില്‍ ഇന്ന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. ബ്രെന്റ് ക്രൂഡോയില്‍ വില 105.7 ഡോളറില്‍ തുടരുകയാണ്. യുദ്ധം തുടങ്ങുമ്പോള്‍ 80 ഡോളറിനടുത്ത് ഉണ്ടായിരുന്ന വില 20 ഡോളറിലേറെയാണ് വര്‍ധിച്ചത്.

റെക്കോഡിലെത്തിയതിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം ഇടിഞ്ഞ സ്വര്‍ണവില ഇന്ന ്വര്‍ധിച്ചിരുന്നു. നേരിയ വര്‍ധനവാണ് സ്വര്‍ണത്തിന്് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 14,880 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. പവന്റെ വിലയില്‍ 240 രൂപയുടെ വര്‍ധനവുണ്ടായി. 1,19,040 രൂപയായാണ് പവന്‍ വില ഉയര്‍ന്നത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് നിരക്ക് 0.4 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,706.70 ഡോളറായി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4,713.40 ഡോളറായി ഉയര്‍ന്നു. ഡോണള്‍ഡ് ട്രംപ്-ഷീ ജിങ് പിങ് കൂടിക്കാഴ്ചയെയാണ് നിക്ഷേപകര്‍ കൗതുകത്തോടെ ഉറ്റുനോക്കുന്നത്.

Post a Comment

0 Comments