ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശമുണ്ട്. പനി, ക്ഷീണം, തലവേദന, പേശീവേദന, ഛര്‍ദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയുണ്ടെങ്കില്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ ആളുകളുമായി നേരിട്ട് സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും റിപ്പോര്‍ട്ട് ചെയ്യണം.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ പങ്കെടുത്തു.
വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളും ഒരുക്കങ്ങളും യോഗം വിശദമായി വിലയിരുത്തി. ഇന്ത്യയില്‍ ഇതുവരെ പുതിയ എബോള കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ വന്‍ രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്.
എബോള വൈറസ് ഇതുവരെ 600 ഓളം പേര്‍ക്ക് ബാധിച്ചിട്ടുണെന്ന് സംശയിക്കുന്നതായും 139 പേര്‍ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയസൂസ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പുതന്നെ വൈറസ് വ്യാപനം ശക്തമായതിനാല്‍ വരുംദിവസങ്ങളില്‍ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.
വൈറസിന്റെ അപൂര്‍വ ഇനമായ 'ബുണ്ടിബുഗ്യോ' വകഭേദമാണ് ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത്. ജനീവയില്‍ ചേര്‍ന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയാണ് നിലവിലെ സാഹചര്യത്തെ 'അന്താരാഷ്ട്ര ആശങ്ക നിറഞ്ഞ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ'യായി പ്രഖ്യാപിച്ചത്. എന്നാല്‍, ഇത് ഒരു ആഗോള മഹാമാരിയായി മാറിയിട്ടില്ലെന്നും യോഗം വിലയിരുത്തി.

0 Comments