ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ച് അധികാരത്തിലേറിയ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിന് ആശംസകളുമായി പ്രമുഖ സംവിധായകനും നടനുമായ സമുദ്രക്കനി. തിരുമല ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന ഈ ദിവസത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും സമുദ്രക്കനി വിജയിക്ക് മുന്നറിയിപ്പ് നൽകി. ഇതുവരെ നേരിട്ട തടസ്സങ്ങൾ ഒന്നുമല്ലെന്നും, ഭരണം ഏറ്റെടുക്കുമ്പോൾ കൂടുതൽ കഠിനമായ പരീക്ഷണങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തടസ്സങ്ങളെല്ലാം തകർത്ത് തമിഴ്നാടിന്റെ പേരും പ്രശസ്തിയും ഉയരങ്ങളിലെത്തിക്കാൻ വിജയിന് സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
"എന്റെ പ്രിയ സഹോദരാ, ദളപതി, ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഈ തടസ്സങ്ങളൊന്നും ഒന്നുമല്ല; ഇനിയും കൂടുതൽ വെല്ലുവിളികൾ മുന്നിലുണ്ടാകും. അവയെല്ലാം വിജയകരമായി തരണം ചെയ്യാനും സംസ്ഥാനത്തിന്റെ പേര് പുതിയ ഉയരങ്ങളിലെത്തിച്ച് ഭരണം നടത്താനും നിനക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, നിങ്ങളുടെ വിജയത്തിനായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു" എന്നായിരുന്നു സമുദ്രക്കനിയുടെ വാക്കുകൾ.
ഔദ്യോഗികമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ സമുദ്രക്കനി അദ്ദേഹത്തെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ചിരുന്നു. അഞ്ചുദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 120 എംഎൽഎമാരുടെ പിന്തുണയോടെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഒരു വനിതാ മന്ത്രി ഉൾപ്പെടെ ഒമ്പത് മന്ത്രിമാരും വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. അതേസമയം സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വിജയിയുടെ ഈ കുതിപ്പിനെ തമിഴ് സിനിമാ ലോകം ഒന്നടങ്കം ആവേശത്തോടെയാണ് നോക്കിക്കാണുന്നത്

0 Comments