‘ഭരണവിരുദ്ധ വികാരമല്ല, തിരിച്ചടിക്ക് കാരണം പിണറായി വിജയന്റേയും എംവി ഗോവിന്ദന്റെയും ശൈലി’; സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം




കണ്ണൂര്‍ :സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. ഭരണവിരുദ്ധ വികാരമല്ല, പിണറായി വിജയന്റേയും, എംവി ഗോവിന്ദന്റെയും ശൈലിയാണ് തിരിച്ചടിക്ക് കാരണമായതെന്ന് വിമര്‍ശനം. പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയശൈലിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു.

പയ്യന്നൂരില്‍ അമിത ആത്മവിശ്വാസം ഉണ്ടായി. അടിയൊഴുക്ക് മനസ്സിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. വി കുഞ്ഞികൃഷ്ണനെ ചെറുതായി കണ്ടു. തളിപ്പറമ്പിലും ഞെട്ടിക്കുന്ന വോട്ട് ചോര്‍ച്ചയുണ്ടായി. അമിത ആത്മവിശ്വാസമാണ് ഇവിടെയും തിരിച്ചടിയായത്. പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ അണികള്‍ തിരുത്തിക്കും. ആന്തൂര്‍, മലപ്പട്ടം, മയ്യില്‍ പോലുള്ള മേഖലകളില്‍ കണ്ടത് ഇതാണ്. മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായി പിണറായി തിരഞ്ഞെടുപ്പ് സമയത്ത് വീട്ടില്‍ പോയി ചോദിക്ക് എന്ന് പറഞ്ഞത്. അത് കേട്ടില്ലെന്ന് വെച്ചാല്‍ എന്തായിരുന്നു കുഴപ്പം – എന്നിങ്ങനെയാണ് വിമര്‍ശനം. എം വി ഗോവിന്ദന്‍ പങ്കെടുത്ത കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്.

പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തെറ്റെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. കണ്ണൂരിലെ പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പിന്തുണച്ചത് ഭാര്യയെ മാത്രമെന്നും , സംഘടന പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു

Post a Comment

0 Comments