ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്നറിയാൻ ഇനിയും കാത്തിരിക്കണം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. പ്രഖ്യാപനം വിശദമായ ആലോചനയ്ക്ക് ശേഷം മാത്രം മതിയെന്ന നിലപാടിലാണ് ഹൈക്കമാൻഡ്. മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ ഇന്ന് വൈകിട്ടോടെ തീരുമാനമാകുമെന്നായിരുന്നു വിവിധ കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
നേരത്തെ, കഴിഞ്ഞ ദിവസം നടന്ന മണിക്കൂറുകൾ നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അന്തിമ തീരുമാനമെടുക്കാൻ നേതൃത്വത്തിന് സാധിച്ചിരുന്നില്ല. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും അടുത്ത പ്രഖ്യാപനമുണ്ടാകുക.
തങ്ങൾക്ക് വേണ്ടി പ്രവർത്തകരാരും തെരുവിലിറങ്ങരുതെന്ന് മൂന്ന് നേതാക്കളും പ്രവർത്തകരോട് ആവശ്യപ്പെട്ടു. തങ്ങൾക്ക് വേണ്ടി പ്രവർത്തകർ ചേരി തിരിഞ്ഞ് നിരത്തിലിറങ്ങരുതെന്നും സ്ഥാപിച്ച ഫ്ലക്സുകൾ എടുത്തുമാറ്റണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. വ്യക്തിപരമായ രീതിയിൽ ഫ്ലക്സുകൾ വെക്കരുത്, നേതാക്കളെ ഇഷ്ടപ്പെടുന്നത് നല്ലതാണ്, മറ്റുള്ളവരെ മോശമാക്കരുതെന്ന് കെ.സി വേണുഗോപാലും മാധ്യമങ്ങളോട് പറഞ്ഞു. ചേരി തിരിഞ്ഞുള്ള പ്രതിഷേധങ്ങൾ പാർട്ടി ദോഷം ചെയ്യുമെന്നും എല്ലാ പ്രവർത്തകരും കോൺഗ്രസ് നേതൃത്വമെടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡിന്‍റെ തീരുമാനം എന്തുതന്നെയായാലും പൂർണാർത്ഥത്തിൽ ഉൾക്കൊള്ളുമെന്നും നേതാക്കൾ പ്രതികരിച്ചു.

0 Comments