ഡൽഹി: വിമാന ഇന്ധനവിലയിലെ കുത്തനെയുള്ള വർധനയെത്തുടർന്ന് രാജ്യാന്തര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. വരും മാസങ്ങളിൽ പ്രതിദിനം ശരാശരി 100 സർവീസുകൾ വീതം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. പ്രാഥമികമായി മൂന്ന് മാസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയിൽ നിന്ന് ചിക്കാഗോ, സിംഗപ്പൂർ, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു. സാൻ ഫ്രാൻസിസ്കോ, പാരീസ്, ടൊറന്റോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചു. പല വിദേശ റൂട്ടുകളും നിലവിൽ വലിയ നഷ്ടത്തിലാണ് സർവീസ് നടത്തുന്നത്. സംഘർഷങ്ങളെത്തുടർന്ന് ചില ആകാശപാതകൾ അടച്ചത് ദീർഘദൂര വിമാനങ്ങൾക്ക് വെല്ലുവിളിയായി. റൂട്ടുകൾ മാറ്റുന്നത് മൂലം കൂടുതൽ ദൂരം ചുറ്റിക്കറങ്ങി പറക്കേണ്ടി വരുന്നത് ഇന്ധനച്ചെലവ് വീണ്ടും വർധിപ്പിച്ചു. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള മേഖലകളിലെ പ്രതിസന്ധി സർവീസുകളെ സാരമായി ബാധിച്ചു.
സാഹചര്യങ്ങൾ അനുകൂലമായാൽ ഉടൻ തന്നെ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൺ അറിയിച്ചു. പശ്ചിമേഷ്യയിലെ പ്രതിസന്ധികൾ ഉടൻ അവസാനിക്കുമെന്നും ആകാശപാതകൾ തുറക്കുമെന്നുമാണ് പ്രതീക്ഷ. യാത്രാ തടസ്സങ്ങളിൽ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നു അദ്ദേഹം വ്യക്തമാക്കി.

0 Comments